Sunday, January 20, 2013

പാമ്പ് കൊത്തിയ അരിപ്പുളി!

വൈകിട്ട് 7 മണിക്ക് ഡിജി  യില്‍ നിന്നും ഇറങ്ങുമ്പോള്‍ സാധാരണ ഉള്ളതുപോലെ  ഭാനു പ്രകാശ് കൂടെയുണ്ട്. കാര്യ പരിപാടിക ളുടെ  ലിസ്റ്റില്‍  എവിടെയും പോകാനില്ല , ഒന്നും ചെയ്യാനും ഇല്ല. എന്നാല്‍ പതിവുപോലെ കാവില്‍ അമ്പലത്തി ന്റെ  ആല്‍ത്തറ യി ലാകാം രാത്രി പത്തു മണി വരെയുള്ള സമയം എന്ന ഡിഫാള്‍ട്ട് ഓപ്ഷന്‍ സെലക്ട്‌ ചെയ്ത് , പോകുന്ന വഴിക്ക് സെന്‍ട്രല്‍ ലോഡ്ജ് ഹോട്ടലില്‍ നിന്ന് ഓരോ പൊടിച്ചായ യും കുടിച്ച്  നാട്ടിലേക്കു വെച്ചു പിടിക്കുന്ന വഴിക്കാണ് മൊബൈല്‍ ഫോണ്‍ കുപ്പായ ക്കീശയില്‍ക്കിടന്നു വിറക്കുന്നത്.

സുവീന്‍ വിളിക്കുന്നത് എന്തിനും ആകാം. അര്‍ദ്ധരാത്രി, വീട്ടില്‍ കിടന്നുറങ്ങുന്ന എന്നെ ഒരു സ്വകാര്യം പറയാനുണ്ടെന്ന് പറഞ്ഞു വിളിച്ചു പുറത്തിറക്കി മഞ്ഞ സെന്‍ കാറില്‍ തട്ടിക്കൊണ്ട് പോയി പക്രംതളം ചുരത്തിന്റെ ആറാം വളവില്‍ പാര്‍ക്ക് ചെയ്ത്, വഴി യില്‍ നിന്നും മുറിച്ചു വാങ്ങിയ വത്തക്ക ക്കഷണം  തിന്ന് , കുരു തുപ്പി തീരും മുന്‍പ് എന്നാ തിരിച്ചു പോകാം അല്ലേ  എന്ന്  പറഞ്ഞ്  
പുലര്‍ച്ചെ മൂന്നര ക്ക് തിരിച്ചു വീട്ടില്‍ എത്തിച്ച്  ശരി രാവിലെ കാണാം എന്ന് കാറോടിച്ച് പോയ പോലത്തെ എന്തെങ്കിലും മൃഗയാ  വിനോദങ്ങള്‍ക്കായിരിക്കും എന്ന് കരുതിക്കൊണ്ടാണ് ഫോണ്‍ എടുത്തത്.

മാഷേ  വേഗം വാ അയാള് വിഷം കുടിച്ച്  ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ആയിരിക്കുന്നു -  വണ്ടി യോടിക്കുന്ന ഭാനു വിനോട്‌ സുവീന്‍ പറഞ്ഞ അതേ  ഡയലോഗ് തന്നെ യാണ് ഞാന്‍ ആവര്‍ത്തി ച്ചത്.

സീരിയസ് ആയ  ആളെ കൊണ്ടുപോകുമ്പോള്‍ മാത്രമല്ല സീരിയസ് ആയ ആളെ കാണാന്‍ പോകുമ്പോഴും ഹെഡ് ലൈറ്റ്  ഇടാം  എന്ന്  വെഹിക്ല്‍ ആക്ട്‌ ഓഫ് ഇന്ത്യ യില്‍ പറഞ്ഞിട്ടുണ്ട് എന്നും പറഞ്ഞു ഭാനു വണ്ടി പറപ്പിച്ചു; വഴിയില്‍ സൈഡ് തരാത്ത എല്ലാവരുടെയും  തന്ത ക്ക് വിളിച്ചു കൊണ്ട്.

അത്യാഹിത വിഭാഗത്തില്‍ മലര്‍ന്നു കിടക്കുന്ന ജിതേഷ് ന്റെ മുഖത്ത് വിഷം കുടിച്ചു മരിക്കാന്‍  നോക്കിയ തിന്റെ  ലക്ഷണങ്ങള്‍ ഒന്നും കാണാനില്ല.  ഐസക് ന്യൂട്ടന്‍ കണ്ടു പിടിച്ച ഭൂ ഗുരുത്വാകര്‍ഷണം ശരിയാണെന്ന് വീണ്ടും വീണ്ടും  തെളിയിച്ചു കൊണ്ട് ഗ്ലൂക്കോസ് തുള്ളികള്‍ ഇറ്റി  വീണു കൊണ്ടിരിക്കുന്നു.

"മാഷേ  ഡിജി യില്‍ നിന്നും നേരെ എന്റട്ത്തേക്കാ  അയാള് വന്നത് . വന്ന പാടേ  മേശ പ്പുറത്ത്  നിന്ന് കുപ്പിയിലെ വെള്ളം എടുത്തു ഒറ്റ ക്കുടി . നിര്‍ഭാഗ്യത്തിനു പെയിന്റ് തിന്നര്‍ കുപ്പിയിലാക്കി വെച്ചിരുന്നതാ എടുത്തു കുടിച്ചത്. കുറച്ചേ കുടിച്ച്പോയിട്ടുള്ളൂ  ബാക്കി ഒരൊറ്റ തുപ്പായിരുന്നു. ആപ്പീസ് അപ്പാടേ അലമ്പായി . പക്ഷെ ഇവിടത്തെ ഡോക്ടര്‍ പറയുന്നത് ഇയാള്‍ ആത്മഹത്യാ ശ്രമം നടത്തി എന്നാണ് . ഉടന്‍ ഗവണ്മെന്റ്  ആസ്പത്രി യിലേക്ക് കൊണ്ട് പോകാനാ പറയുന്നത് "

ഒറ്റ ശ്വാസത്തില്‍ ഇത്രയും പറഞ്ഞു സുവീന്‍ ഭായ് കറുത്ത ഫ്രെയിം ഇട്ട കണ്ണടക്കുള്ളില്‍ കണ്ണിറുക്കി  നിഷ്കളങ്കമായി ചിരിച്ചു കൊണ്ട് കൂട്ടിച്ചേര്‍ത്തു " അല്ലെങ്കിലും ആരെങ്കിലും തിന്നര്‍ കുടിച്ച്  മരിക്കാന്‍  നോക്ക്വോ ? "

അമ്പതു വയസ്സിനുമേല്‍ പ്രായം മതിക്കുന്ന ഡോക്ടര്‍ ക്ക് പക്ഷെ അത് മനസ്സിലായില്ല. ഉടന്‍ താലൂക്ക് ആസ്പത്രി ക്ക് മാറ്റണം എന്ന നിലപാടില്‍ അദ്ദേഹം ഉറച്ചു  നിന്നു. ശരി എന്ന് സമ്മതിച്ചു    ഞങ്ങള്‍ പുറത്തിറങ്ങി. താലുക്ക് ആസ്പത്രി ക്ക് പോകുന്നതിനു  മുന്‍പ് പരിചയത്തിലുള്ള ഒരു എം ഡി ഡോക്ടറെ കാണിക്കാം എന്ന് തീരുമാനിച്ച് , സ്വയം സമ്മതിച്ചു ഡിസ്ചാര്‍ജ് വാങ്ങുന്ന കടലാസ്സില്‍ ഒപ്പ് വെച്ച് എല്ലാരും കൂടെ  അവിടെ നിന്ന്  അക്ഷരാര്‍ഥത്തില്‍ സ്ഥലം കാലിയാക്കി.

ജ്യോതികുമാര്‍ ഡോക്ടര്‍ ചിരിച്ചു  കൊണ്ടാണ് തിന്നര്‍  കുടിച്ച വനെ നോക്കിയത്. ഇനി ഒരിത്തിരി തിന്നര്‍ അകത്തു പോയാലും അത് അത്ര മാത്രം ഭീകര മല്ല എന്നും . ചിലപ്പോള്‍ നാളെ ഒരു പനി  പോലെ വന്നേക്കാം അങ്ങിനെയെങ്കില്‍ പാരസെറ്റമോള്‍ കൊടുത്തേക്ക് എന്നും പറഞ്ഞു  ഞങ്ങളെ  വെറുതെ വിട്ടു .മരണം, വിഷം , ആത്മഹത്യാ ശ്രമം തുടങ്ങി  അത്ര നേരവും കേട്ട് കൊണ്ടിരുന്ന കഠിന പദങ്ങള്‍  ഒന്നും അദ്ദേഹം ഉപയോഗിച്ചതേ  ഇല്ല.

ജിതേഷും സുവീനും കൂടി രാജേഷേട്ടന്റെ വീടിന്റെ മുകള്‍ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന കാലമാണ്. രാത്രി, തിന്നര്‍ കുടിച്ച മനുഷ്യന് എന്തെങ്കിലും പ്രശ്നം വന്നാലോ എന്ന ചിന്ത യിലാണ് ഞാനും ഭാനുവും കൂടി അവിടെ കൂടിയത്. അത്ര നേരത്തെ ഉറങ്ങണ്ട , കുറച്ചു സമയം നമുക്ക് സ്വന്തം വഴിക്ക് രോഗിയെ ഒന്ന് നിരീക്ഷിക്കാം എന്ന് പദ്ധതിയിട്ട് , പോകുന്ന വഴിക്ക് ഒരു തെര്‍മോ മീറ്ററും  വാങ്ങി - ശരിയാണ് സ്വന്തം റിസ്കില്‍ ഡിസ്ചാര്‍ജ് വാങ്ങി യ കേസല്ലേ !

കട പൂട്ടി രാജേഷേട്ടന്‍ വന്നു.മൂപ്പരുടെ അച്ഛനും അമ്മയും ഭാര്യയും താഴെ  ഉണ്ട്. അവരോടു തല്ക്കാലം  കാര്യം പറയണ്ട എന്ന്‍  ഏല്‍പ്പിക്കുകയും ചെയ്തു. രോഗി  രാവിലെ കഞ്ഞി കുടിച്ചാല്‍ മതി എന്ന്  പ്രഖ്യാപിച്ച് അത് രാവിലേ ക്ക് ശരിയാക്കാം  എന്നും പറഞ്ഞ്  രാജേഷേട്ടന്‍ താഴെ പോകുമ്പോള്‍ മണി പത്തര യായിട്ടേ ഉള്ളൂ. ഞങ്ങള്‍ അതുമിതും പറഞ്ഞു കൊണ്ടിരുന്നു. പ്രധാന ഉദ്ദേശ്യം ജിതേഷ് നെ നിരീക്ഷിക്കുക എന്നുള്ളത് തന്നെ. ഉറക്കം പോലെ ഒരു ബോധക്കേട് വന്നാലോ എന്ന പേടി.

അല്ലെങ്കിലും ഞങ്ങള്‍ എല്ലാവരും ഒരിടത്തിരുന്നാല്‍ വര്‍ത്തമാനം പറഞ്ഞു തീരാറില്ല. സുവീന്‍ ഭായി     പതിഞ്ഞ ശബ്ദത്തില്‍  മുരുകന്‍ കാട്ടാക്കടയുടെ കവിത പാടിത്തുടങ്ങി. പിന്നെ ചെറിയ ചെറിയ തമാശകള്‍. താഴെ രാജേഷേട്ടന്റെ ഫുള്‍ ഫാമിലി യുണ്ട്. ശബ്ദം കുറക്കണം തീരെ. താഴത്തെ നിലയില്‍ നിന്ന് കയറിവരാന്‍ ഒരു വാതിലുണ്ട് മേലേക്ക്. അതിന്റെ പഴുതുകള്‍ ഒരു പഴയ തുണിക്കഷണം കൊണ്ട് പൊത്തി വെച്ചിരിക്കുന്നു  .

പേഴ്സ് കാലിയായപ്പോള്‍   മൈസൂര്‍ മുതല്‍ കക്കട്ട് വരെ  ഓട്ടോ പിടിച്ച് വന്ന സന്ദീപ്‌;
ദേശീയഗാനം കേള്‍ക്കുമ്പോള്‍ അറ്റന്‍ഷന്‍ ആയി നില്‍ക്കണം എന്ന് പഠിപ്പിക്കുമ്പോള്‍ , വരണ്ട തേങ്ങ യുള്ള തെങ്ങിന്റെ ചുവട്ടി ലാണ്‌  നില്‍ക്കുന്നതെങ്കില്‍ എന്ത് ചെയ്യണം സാര്‍ എന്ന് ചോദിച്ച  തല്ലു വാങ്ങിയ  പ്രദീപന്‍.  പെണ്‍കുട്ടികള്‍ക്ക് വൃക്ക യുണ്ടോ സാര്‍ എന്ന് മടിച്ചു  മടിച്ചു  സംശയം ചോദിച്ചവളോട് നീ   ആ കരുതിയതല്ല വൃക്ക എന്ന് സംശയം   തീര്‍ത്ത ജീവശാസ്ത്രത്തിന്റെ മാഷ് ...


സമയം കുറെക്കഴിഞ്ഞു. പല പല  സുയിപ്പുകള്‍ . പാട്ടുകള്‍. എപ്പോഴോ അണ്‍ പാര്‍ലിമെന്ററി യായ  തമാശകളിലേക്കു സിലബസ് മാറി.   ചിരിയുടെ വോള്യം കൂടുന്നോ എന്ന് സംശയം തോന്നുമ്പോള്‍, വാതിലിന്നു താഴെ പഴുതടച്ച തുണി  കഷണത്തിന്മേല്‍ ഒരു പാളി നോട്ടം . ഇല്ല എല്ലാം റെഡി തന്നെ എന്ന് അടുത്ത തമാശയിലേക്ക്.

സിനിമയില്‍ തെറി പറയുന്ന സമയത്ത് പീ എന്നൊരു ശബ്ദം കേള്‍പ്പിക്കാ റുണ്ടല്ലോ . അത് പോലെ ഒരു ശബ്ദം പകരം വെക്കുകയാണെങ്കില്‍ ഇനി യൊരു രണ്ടു പേജ് മുഴുവന്‍ ഞാന്‍ പീ എന്ന് മാത്രം ടൈപ്പ് ചെയ്യേണ്ടി വരും.

വാപൊത്തി ചിരിച്ചവര്‍  വയറു പൊത്തി ചിരിച്ചു തളര്‍ന്നു. തിന്നര്‍, ആശുപത്രി  എല്ലാം മറന്നു പോയി. ഒടുവില്‍ പുലരാറായി  ഇനി കിടക്കാം എന്ന് പായ വിരിക്കാന്‍ നോക്കുമ്പോഴാണ് ഭാനു അപ്രതീക്ഷിതമായി ചോദിച്ചത്.

"ആര്‍ക്കെങ്കിലും  ഗാന്ധിജി  മരിച്ചത്  എങ്ങിനെയാണ്‌ അറിയാമോ ."

ഗാന്ധിജി  മരിച്ചതല്ല കൊന്നതല്ലേ എന്ന സ്വാഭാവിക സംശയം കൊന്നാലും മരിച്ചത് തന്നെ യല്ലേ എന്ന സാമാന്യ യുക്തി ക്ക് വിട്ടു  ഭാനു തുടര്‍ന്നു

ഒമ്പതാം ക്ലാസ്സിലെ ബാക്ക് ബെഞ്ചില്‍ സുഖമായുറങ്ങുന്ന ഖാദറോട് അപ്രതീക്ഷിതമായി  ചരിത്രത്തിന്റെ മാഷ് ചോദിച്ച ചോദ്യമാണിത്.  മറ്റേതോ ലോകത്ത് നിന്ന് ഉറക്കത്തിന്റെ കറുത്ത തുരങ്കം കടന്നു വന്ന ചോദ്യം ആദ്യം അയാള്‍ക്ക് മനസ്സിലായില്ല. ഏറ്റവും മിനിമം മര്യാദ യായ എഴുന്നേറ്റു നില്‍ക്കല്‍ കഴിയുമ്പോഴേക്കും ആരോ മരിച്ചിട്ടുണ്ട്; അതിനെ ക്കുറി ച്ചാണ് ചോദിക്കുന്നത് എന്ന് മനസ്സിലായി. ഗാന്ധിജി  യുടെ രക്തസാക്ഷിത്വത്തെക്കുറിച്ച്  മാഷ് ക്ലാസ്സില്‍ പറഞ്ഞതൊന്നും അയാള്‍ കേട്ടിട്ടേ ഉണ്ടായിരുന്നില്ല. ഇനി ഒരാള്‍  എങ്ങിനെ യൊക്കെ മരിക്കാം  എന്ന് ധൃതി പ്പെട്ടു ആലോചിച്ചപ്പോള്‍ ആദ്യം തോന്നിയത് 'പാമ്പ്  കൊത്തിയ അരിപ്പുളി തിന്നിട്ട്' എന്ന ഉത്തരമാണ്. അയാള്‍ അത് വിളിച്ചു പറയുകയും ചെയ്തു. പണ്ട്, ഏതെങ്കിലും ഒരു വൃക്ഷത്തിന്റെ പേര് പറയൂ എന്ന ചോദ്യത്തിന്  'കോഴിവാലന്‍ ചെമ്പരത്തി' എന്ന വിചിത്രമായ ഉത്തരം കൊണ്ട് സയന്‍സ് ടീച്ചറെ അന്ധാളിപ്പിച്ച ഖാദര്‍ ചോദ്യത്തിനു ഉത്തരം കിട്ടിയില്ലേ എന്ന ഭാവത്തില്‍  ബെഞ്ചിനും ഡസ്കിനും ഇടയില്‍ ഞരുങ്ങി കഷ്ടപ്പെട്ട് നിന്നു. മാഷ്‌ അന്ന്  പുറത്താക്കിയ ഖാദര്‍ ഗള്‍ഫില്‍ പോയെന്നും ഇപ്പൊ മൂപ്പര്‍ക്ക് ടൌണില്‍ രണ്ടു ജ്വല്ലറി കള്‍  കൂടാതെ മറ്റു പല ബിസിനസ്സുകളും ഉണ്ടെന്നും പറഞ്ഞു ഭാനു നിര്‍ത്തി.


മണി മൂന്നര കഴിഞ്ഞു . ഇനിയും ഉറങ്ങിയില്ലെങ്കില്‍ ശരിയാകില്ല. അതിഥി ദേവോഭവ എന്ന് പറഞ്ഞ് സുവീന്‍ ഭായി കൂട്ടത്തില്‍ നല്ല കിടക്കയും തലയണയും ഞങ്ങള്‍ക്കായി മാറ്റിവെച്ചു . ആരോ  അയച്ച മെസ്സേജ് വായിച്ചു മറ്റാരെയോ തെറി പറഞ്ഞ്, പ്രാകി   ഉറങ്ങാന്‍ പോയി.

 രാവിലെ  ഞാനും ഭാനുവും വീട്ടില്‍  പോയി. നല്ല ഉറക്കച്ചടവുണ്ട്. ഇത്തിരി ക്കൂടെ ഉറങ്ങാന്‍ തോന്നുന്നു. പക്ഷെ ഉറങ്ങിയാല്‍ പിന്നെ കാര്യം പോക്കാവും. എന്നാലും വേണ്ടില്ല എന്ന നിലയില്‍ നില്‍ക്കുമ്പോള്‍  ജിതേഷ് ന്റെ ഫോണ്‍

" എന്റെ മാഷേ; തിന്നര്‍ കുടിച്ച് ചത്തു പോയാലും കുഴപ്പമില്ലായിരുന്നു"
"എന്ത് പറ്റി രാവിലെ യായപ്പോ  പനി തുടങ്ങിയോ പരസെറ്റമോള്‍ ഗുളിക കഴിക്ക്"

"അതല്ല കാര്യം രാവിലെ രാജേഷേട്ടന്റെ അമ്മ കഞ്ഞി വെച്ച്  മേലേക്ക് കൊണ്ട് വന്നിരുന്നു, തിരിച്ചു പോകുമ്പോള്‍ ജിതേഷേ  ഗാന്ധിജി എങ്ങനെയാ മരിച്ച ത്  എന്ന്  ചിരിച്ചു കൊണ്ട് ഒരു ചോദ്യം"

"എന്റെ മാഷേ അത് അവര് കേട്ടിട്ടുണ്ടെങ്കില്‍ എല്ലാം അവര് കേട്ടിട്ടുണ്ട് ... ദൈവമേ എന്തെല്ലാം കഥകളാ നമ്മള്‍ പറഞ്ഞത് "


"വാതിലിനു താഴെ വച്ച തുണി .. അത് അവിടെ ത്തന്നെയില്ലേ ?" വെറുതെയാണെങ്കിലും ഞാന്‍ വെറുതെ ചോദിച്ചു

"ഉണ്ട് പക്ഷെ ..."

ഫോണ്‍ കട്ടായി .

ചിരിത്തിര കളുടെ സുനാമിയെ തടഞ്ഞു നിര്‍ത്താന്‍ മാത്രമുള്ള ശക്തി വാതിലിനു താഴെ വിടവടയ്ക്കാന്‍ വെച്ച പഴംതുണി  യുടെ  നൂല്‍ വിരലുകള്‍ക്ക് ഉണ്ടായിരുന്നില്ല !

 എന്റെ ചെവിയില്‍ 'പീ' ശബ്ദം മുഴങ്ങി. രണ്ടു ചെവികളിലും...കുറച്ചധികം നേരം.