Saturday, September 27, 2014

ഗുരുവായൂരപ്പൻ

വണ്ടിക്ക്‌ തീരേ മൈലേജില്ലാ എന്ന്‌ തോന്നി ത്തുടങ്ങിയിട്ട്‌ കുറച്ചായി. ഏന്നാപ്പിന്നെ അതൊന്ന്‌ നോക്കിക്കളയാം എന്നു കരുതി അഞ്ച്‌ ലിറ്റർ പെട്രോൾ വാങ്ങി കാറിൽ വെച്ച്‌ ഞാനും ഭാനുവും വീട്ടിലേക്കുള്ള വഴിയിലാണ്‌. ഏതു നിമിഷവും പെട്രോൾ തീരാം. എന്നിട്ട്‌ വേണം ഈ അഞ്ച്‌ ലിറ്റർ അപ്പാടെ അതിലേക്കൊഴിക്കാൻ. വീണ്ടും മറ്റൊരു അഞ്ച്‌ ലിറ്റർ വാങ്ങി വണ്ടിയിൽ വെക്കണം. ഏന്നാലേ കണക്കു കൂട്ടി മൈലേജ്‌ കണ്ടുപിടിക്കാനാവൂ. മെനക്കേട്‌ തന്നെ.

ഒരു ലിറ്ററിന്റെ ഒരു കുപ്പി സംഘടിപ്പിച്ചാൽ ഈ പണി വേഗം തീർന്നേനേ എന്ന്‌ ഒരു മഹാ കണ്ടുപിടിത്തം ഞങ്ങളു രണ്ടാളും കൂടി കണ്ടുപിടിക്കുമ്പോളേക്കും വണ്ടി ടൌൺ വിട്ടു കഴിഞ്ഞിരുന്നു. ഇനി വീട്ടിലെത്തി ഒരു ലിറ്റർ അളന്നു വേറെ വെക്കാം എന്ന്‌ പ്ളാൻ ചെയ്ത്‌ ഞങ്ങൾ പതുക്കെ നാട്ടിലേക്കു വണ്ടിയോടിച്ചു.

ഭാനു വിന്റെ കല്യാണം കഴിഞ്ഞിട്ടില്ല. പ്രണയം തലക്കു പിടിച്ച്‌ ആകെ അലമ്പായിരിക്കുന്ന കാലം. അടക്കാതെരു വഴിക്ക്‌ മേമുണ്ട പോകേണ്ട ഞങ്ങൾ എന്നും എന്തിനോ കീഴൽ മുക്കു വഴി വളഞ്ഞു ചുറ്റി പോകും. രാത്രി ഒൻപതര മണിക്കു് അവളെന്താ റോഡിലിറങ്ങി നടക്കുന്നോ! എന്നാലും ഞങ്ങൾ ആ വഴിയേ പോകൂ. കീഴൽ മുക്കിൽനിന്നും മേമുണ്ടക്ക്‌ തിരിയുന്ന വളവിൽ വെച്ച്‌ നീട്ടിയൊരു ഹോണടിയുണ്ട്‌ - അവളു കേൾക്കുന്നെങ്കിൽ കേൾക്കട്ടെ...നമുക്ക്‌ ചെയ്യാനാവുന്നത്‌ നാം ചെയ്തു

അങ്ങിനെ വരുന്നവഴി കുട്ടോത്ത്‌ റോഡിൽ എത്തിക്കാണും. ഹെഡ്‌ ലൈറ്റിന്റെ  വെളിച്ചത്തിൽ ഒരു പയ്യൻ അവന്റെ ബൈക്ക്‌ തള്ളിക്കൊണ്ട്‌ നടക്കുന്നത്‌ ഞങ്ങൾ കുറച്ച്‌ ദൂരേ നിന്നേ കണ്ടു.

“ഇതെന്താ ഈ പാതിരാക്ക്‌.....! ഇവനെന്താ ഓപ്പൺ വോട്ട്‌ ചെയ്യിക്കാൻ കൊണ്ടുപോയതാ!!”

എന്തിലും ഭാനു തമാശ കാണും.

ഇത്‌ എണ്ണ തീർന്ന താണെന്നാ തോന്നുന്നെ...മ്മളട്ത്ത്‌ പെട്രോളില്ലേ കൊട്ത്താലോ.
മൈലേജ്‌ പിന്നെം ടെസ്റ്റ്‌ ചെയ്യാലോ...അല്ലെങ്കിൽ ഒരുലിറ്ററിന്റെ രണ്ടു കുപ്പി ണ്ടായാപ്പോരേ

ചിന്തകൾക്ക്‌ വാക്‌ രൂപം കിട്ടുമ്പോഴേക്കും ഞാൻ വണ്ടി നിർത്തിയിരുന്നു.

നിസ്സംഗനായി കാറിന്റെ ഉള്ളിലെ ഇരുട്ടിലേക്കു നോക്കുന്ന പയ്യനോട്‌ ത്രികാല ജ്ഞാനിയെപ്പോലെ ഞാൻ ചോദിച്ചു.

“ഏണ്ണ തീർന്നതാണല്ലേ...”

അവനിത്തിരി നാണവും സങ്കോചവും ചേർത്ത്‌ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഏട്ടന്റെ വീട്ടിൽ വന്നെന്നോ..പോയെന്നൊ അങ്ങിനെ യെന്തൊക്കെയോ.
കാറിന്റെ ഹെഡ്‌ ലൈറ്റ്‌ ഓഫ്‌ ചെയ്തു് ഞങ്ങൾ പുറത്തേക്ക്‌ ചാടി ഇറങ്ങി.

“ടാങ്ക്‌ തുറക്ക്‌...”

ഭാനു വിന്റെ ആക്രോശം കേട്ട്‌ തയ്യില്ലത്ത്‌ മനയിലെ പാലക്കൊമ്പിൽ നിന്നു രാക്കിളികൾ  പേടിച്ച്‌ കന്നിനട ഭാഗത്തേക്കു പറന്നു പോയി.

ആപ്പോഴേക്കും ഞാൻ വണ്ടിയിൽ നിന്ന്‌ പെട്രോൾ കാൻ എടുത്തിരുന്നു.  തുറന്നു വെച്ച ടാങ്കിലേക്ക്‌ പെട്രോൾ ഒഴിക്കുമ്പോൾ  പയ്യനോട്‌ ഞാൻ അന്വേഷിച്ചു..

“ഇനിക്കേട്യാ എത്തണ്ടേ??”

തനിക്കു ചുറ്റും വളരെ പെട്ടെന്ന്‌ നടന്ന കാര്യങ്ങളിൽ അന്തം വിട്ട്‌, അരണ്ട വെളിച്ചത്തിൽ മുഖം വ്യക്തമാവാത്ത, ഒരു പരിചയവും ഇല്ലാത്ത ഞങ്ങളോട്‌ മറുപടി പറയുന്നതിനു പകരം ഒരു ഞെട്ടലോടെ അവൻ ചോദിച്ചു

“ഇങ്ങളേട്യാ.ഇങ്ങളെ പേരെന്നാ....?”


പെട്ടെന്നാണ്‌ ഭാനു പറഞ്ഞത്‌

“ഏടോ...ഇഞ്ഞി ഗുരുവായൂരപ്പൻ ന്ന്‌ കേട്ട്ക്കില്ലേ...”

 “ഞാൻ തന്ന്യാ അത്‌...”

“സംശയണ്ടേ ഇങ്ങോട്ട്‌ നോക്ക്‌...”

 അതും പറഞ്ഞ്‌ ഭാനു കാലു പിണച്ച്‌...കൈകൊണ്ട്‌ ഓടക്കുഴലുവിളിക്കുന്നപോലെ ആംഗ്യം കാണിച്ച്‌ ഒരു നില്പ്‌...

അന്ധാളിച്ച്‌ നിൽക്കുന്ന പയ്യനോട്‌ കൂടുതലൊന്നും പറയാൻ നില്ക്കാതെ, അടുത്ത നിമിഷം
 ഞങ്ങൾ വണ്ടിയിൽ ചാടിക്കയറി, വേഗത്തിൽ ഓടിച്ച്‌ പോന്നു...

വീട്ടിലെത്തി ബാക്കിയുള്ള പെട്രോൾ അളന്നു കുപ്പിയിൽ നിറക്കുമ്പോൾ ഭാനു വീണ്ടും പറഞ്ഞു...

 “ഇനിക്ക്‌  ഓനെ ഒന്നൂടി കാണണന്ന്ണ്ടാ... എന്നാ രാവിലത്തെ ഗുരുവായൂർ ബസ്സില്‌ നോക്ക്യാമതി...മുന്നിലെ സീറ്റില്‌ ഇരിക്കുന്ന്ണ്ടാവും... ”

“അതെന്തിനാ ഭാനൂ മുന്നിലെ സീറ്റ്‌...”

“ബസ്സിന്റെ മുൻ ഭാഗല്ലേ ആദ്യം ഗുരുവായൂരെത്ത്വാ...അതോണ്ടെന്നെ....” ­ - വളരെ  നിഷ്കളങ്കമായി ഭാനു വിശദീകരിച്ചു ....

പെട്രോൾ തീർന്ന ബൈക്ക്‌ ,അത്‌ തള്ളി നടക്കുന്നതിന്റെ പാട്‌
ഒരു പരിചയവുമില്ലാത്ത ആരോ വന്ന് ടാങ്കിൽ പെട്രോളൊഴിച്ച് കൊടുക്കുക
പാവം പയ്യൻ ശരിക്കും അന്ധാളിച്ചു പോയിട്ടുണ്ടാകും...

അന്ന് അതൊരു തമാശയായേ തോന്നിയുള്ളൂ

കാലം കുറേക്കഴിഞ്ഞ്‌...ഞാൻ ഇതുപോലെ സ്വയം എണ്ണ തീരാറായി കരിന്തിരി കത്തി നിൽക്കുമ്പോൾ...

തയ്യാറായി നിന്നോ നിനക്ക്‌ സിംഗപ്പൂര്‌ നിന്ന്‌ ഒരു ഫോൺ വരും...അവര്‌ നിന്നെ ജപ്പാനിലേക്കു പോസ്റ്റ്‌ ചെയ്യും എന്ന പ്രമോദേട്ടന്റെ  ഒരൊറ്റ വാചകം എന്നിലുണ്ടാക്കിയ അന്ധാളിപ്പ്‌ ഇന്നും തീർന്നിട്ടില്ല -  ഇവിടെ എത്തി മൂന്നു മാസമായിട്ടുംഅത്‌ അത്ര പെട്ടെന്ന് തീരുമെന്നു തോന്നുന്നും ഇല്ല