Saturday, February 23, 2013

ലാവപത്താം ക്ലാസ് പരീക്ഷക്ക്‌  വിജയ ശതമാനം  12 % മാത്രം ഉണ്ടായിരുന്ന കാലത്തും മോഹനന്‍ മാഷ് ഭൂമിശാസ്ത്രം  പഠിപ്പിക്കുന്ന എല്ലാവരും ആ പരീക്ഷക്ക്‌ ജയിക്കുന്ന ഒരു പ്രതിഭാസം ഞങ്ങളുടെ  സ്കൂളില്‍ ഉണ്ടായിരുന്നു. മോഹനന്‍ മാസ്റ്റരുടെ പഠിപ്പിക്കുന്ന രീതി അനുഭവി ച്ചവര്‍ക്ക്  അതില്‍ ഒരത്ഭുതവും തോന്നുകയില്ല.   നിദ്ദയവും  ക്രൂരമെന്നു തോന്നിക്കുന്നതുമായ ചില ശിക്ഷണ  കലാപരിപാടികള്‍ക്ക് മാഷക്ക് പണ്ടേ  പേറ്റന്റ് കിട്ടിയിട്ടുണ്ട്.

പഠിപ്പിച്ചു തീര്‍ന്ന പാഠത്തില്‍ നിന്ന് കുറെ ഒറ്റവാക്ക്  ചോദ്യങ്ങള്‍ തലേ ദിവസം എഴുതി തരും. രാത്രി വീട്ടില്‍നിന്നു ടെക്സ്റ്റ്‌ ബുക്ക്‌ നോക്കി ഉത്തരം കണ്ടു പിടിച്ചു വിട്ട ഭാഗം പൂരിപ്പിക്കണം. അഥവാ തെറ്റിയാല്‍ പെണ്‍കുട്ടികളുടെ ഭാഗത്ത് മുട്ടുകാലില്‍ നില്‍ക്കണം. കൂട്ടത്തില്‍ ഒരു പെണ്‍കുട്ടി കൂടി ഉണ്ടെങ്കില്‍ രണ്ടു പേരും അഭിമുഖമായി നില്‍ക്കണം. കുറച്ചു കഴിയുമ്പോള്‍ പെണ്ണ് കരയും. കരഞ്ഞാല്‍ നീ അവളെ എന്തിനാ കരയിച്ചത് എന്ന വിചിത്രമായ ചോദ്യവും അടിയും ആണിന് ഉറപ്പ് . ഒന്‍പതേ  മുക്കാല്  കഴിഞ്ഞാല്‍ കുട്ടികള്‍ എല്ലാവരും റോഡില്‍ നോക്കി ക്കൊണ്ടിരിക്കും . അഥവാ മാഷ് ലീവാണെങ്കില്‍ സമാധാനമാ യിരിക്കാമല്ലോ

മാഷ് ക്ലാസ്സില്‍ എത്തി യാല്‍ ആദ്യം ബോര്‍ഡിനടുത്ത് ചെന്ന് ഒരൊറ്റ ചാട്ടത്തില്‍ ഒരു വൃത്തം വരക്കും. പിന്നെ ചിരിക്കുന്ന ചുണ്ടിന്റെ  ഷേപ്പില്‍  ഉത്തര ധ്രുവം അടയാളപ്പെടുത്തി കഴിയുമ്പോള്‍ ഭൂമിക്കു മൊത്തമായി  ഒരു പ്രസന്ന ഭാവം വരാനുണ്ട്. അത് കഴിഞ്ഞു നിര്‍വികാരമായ ഭൂമധ്യ രേഖ പിന്നെ സങ്കടഭാവത്തില്‍ അരികുകള്‍ താഴേക്കു വളഞ്ഞ ഒരു വര കൊണ്ട് ദക്ഷിണ ധ്രുവം.

വീട്ടു കണക്ക്  എന്ന ദുരിത മാരണം ഖാദറിന് ഒരു പ്രശ്നമേയല്ല. ഒന്നാം ബെഞ്ചിലെ സന്തോഷിന്റെ ഉത്തരം ശരിയാണെങ്കില്‍ തന്റേതും ശരിയായിരിക്കും. അല്ലെങ്കിലും ഒരു തെറ്റിന് കൈവെള്ളയില്‍ ഒരു അടി . അതിലപ്പുറം എന്തുകൊണ്ട് ഉത്തരം തെറ്റിപ്പോയെന്ന്‍  കണക്കു മാഷ് ചോദിക്കാറില്ല. പക്ഷെ മോഹനന്‍ മാഷ്  അങ്ങനെയല്ല പഠിക്കാതെ വന്നാല്‍  രക്ഷയില്ല. ടെക്സ്റ്റ്‌ ബുക്ക്‌ വായിപ്പിക്കും.ആവര്‍ത്തിച്ച് എഴുതിപ്പിക്കും  അടിക്ക് പുറമേ ചിലപ്പോള്‍ ക്ലാസ്സിനു പുറത്ത് നിര്‍ത്തും. തടിച്ച ചൂരല് പുറത്തു ഒളിപ്പിച്ചു പിടിച്ച് ഹെഡ് മാസ്റ്റര്‍ എങ്ങാനും ആ വഴി വന്നാല്‍ പിന്നെ കഴിഞ്ഞു . അദ്ദേഹം ആരെയും ഒരൊറ്റ അടി അടിച്ച ചരിത്രമില്ല. ഒന്നുകില്‍ മൂന്ന് അല്ലെങ്കില്‍ അഞ്ച്.

വിട്ടഭാഗം പൂരിപ്പിച്ചത്  പരിശോധിച്ച് കഴിഞ്ഞ്  മാഷ് ക്ലാസ് എടുക്കാന്‍ തുടങ്ങി. സ്വതവേ ഉയര്‍ന്ന ശബ്ദമാണ്‌. മാക്സിമം വോള്യത്തില്‍ ലാവ ഉണ്ടാകുന്നതിനെ പ്പറ്റി മാഷ്‌ കത്തിക്കയറുന്നു.
"ഭൂഗര്‍ഭത്തിലെ അതി  ഭയങ്കര ഉഷ്മാവില്‍  അവസാദ ശില   അടിഞ്ഞ്.... അടിഞ്ഞ്.. ഉരുകി .... ഉരുകി ... "കൂട്ടത്തില്‍ നരേന്ദ്ര പ്രസാദ്‌ സിനിമയില്‍ കാണിക്കുന്നത് പോലെ വിരലുകള്‍ കൊണ്ട് വളരെ ആത്മാര്‍ഥമായി ലാവയെ ഉരുട്ടുന്നുമുണ്ട്.. ഇനി ഇടക്കിടെ ചോദ്യങ്ങളുണ്ടാകും. ക്ലാസ്  ശ്രദ്ധിക്കാത്ത ആരെങ്കിലും ഉണ്ടെങ്കില്‍ അവനെ കണ്ടു പിടിച്ചിരിക്കും. ചോദ്യം ചോദിക്കും. നാണം കെടുത്തും ഉറപ്പ്.

വയറിന്റെ  ദക്ഷിണാര്‍ധ ഗോളത്തില്‍ എവിടെയോ ഒരു ചുറ്റിപ്പിടുത്തം പോലെയാണ്  ഖാദറിന് ആദ്യം തോന്നിയത്. പൊതുവേ മോഹനന്‍ മാഷ് ക്ലാസ്സില്‍ ഉണ്ടെങ്കില്‍ അങ്ങനെയൊരു പിടുത്തം ഉണ്ടാകാറുണ്ട്. പക്ഷെ ഇത് അതിലും അപ്പുറത്ത് എന്തോ ആണ്. ഖാദര്‍ ചെറുതായി വിയര്‍ക്കാന്‍ തുടങ്ങി. രാവിലെ കഴിച്ച  കൊഴുക്കട്ട യാണ്  അലമ്പുണ്ടാക്കുന്നതെന്ന്   ഓര്‍മ്മിച്ചെടുക്കാന്‍ അവന്‍  ഒരുപാടു പ്രയാസപ്പെട്ടില്ല. മാഷ് വന്നപാടെ വരച്ച ഭൂമിയുടെ ചിത്രം ഒരു ക്ലൂ പോലെ ബോര്‍ഡില്‍ ഉരുണ്ടു കിടക്കുന്നുണ്ടല്ലോ.

മോഹനന്‍ മാഷ് അവസാദ ശില ഉരുക്കി ഭൂവല്‍ക്കം തുളച്ചു ലാവയാക്കി പുറത്ത് കൊണ്ടുവരുന്നതിനിടയിലാണ് ക്ലാസ്സില്‍ ശ്രദ്ധിക്കാതെ  ഇരിപ്പുറക്കാത്തത്പോലെ കളിക്കുന്നഖാദറിനെ  കണ്ടത്
"ഖാദര്‍ സ്റ്റാന്റ് അപ്പ് " ഒരൊറ്റ അലര്‍ച്ച
ഖാദര്‍ എണീറ്റ്‌ നില്‍ക്കാന്‍  ശ്രമിച്ചു. ബഞ്ചില്‍ അമര്‍ന്നിരിക്കുമ്പോള്‍ ഉണ്ടായിരുന്ന ഒരു ആത്മവിശ്വാസം അയാളില്‍ നിന്ന്  വിയര്‍ത്ത് പൊയ്ക്കൊണ്ടിരുന്നു
"ലാവ ഉണ്ടാകുന്നതെങ്ങിനെ" പറയാന്‍ പറ്റുമെങ്കില്‍ പറയെടാ എന്നൊരു മുഖഭാവത്തില്‍, സാറിന്റെ വെല്ലുവിളി

ഖാദര്‍ കണ്ണുകള്‍ ഇരുക്കിയടച്ചു നിന്നു.  ബോര്‍ഡില്‍ വരച്ചിട്ട ഭൂമി, രാവിലെ തിന്ന കൊഴുക്കട്ട, അവസാദ ശില, ഭൂഗര്‍ഭത്തിലെ അതി ഭീകരമായ  ഊഷ്മാവ്.ദക്ഷിണ ധ്രുവത്തില്‍ അനുഭവപ്പെടുന്ന അതി സമ്മര്‍ദം  . ഇപ്പൊ കൊല്ലും എന്ന എന്ന് മുന്നില്‍ കടിച്ചു കീറാന്‍  നില്‍ക്കുന്ന മാഷ്.

അടുത്തേക്ക് പറന്നു വന്ന മാഷോട് ഇടറിയ അപേക്ഷാ സ്വരത്തില്‍  ഖാദര്‍ മന്ത്രിച്ചു

" സാര്‍....  കക്കൂസില്‍  പോണം"

അപ്രതീക്ഷിതമായ ഉത്തരം  കേട്ട് ക്ലാസ് എടുക്കുന്നതിലും ശബ്ദത്തില്‍ മാഷ് അലറി

"എന്ത് ....!??"
"കക്കൂസില്‍ പോണം.... ന്നോ "
"കക്കൂസില്‍ പോകാണ്ടാ വന്നേ ... "
"കക്കൂസില്‍ പോകാറില്ലേ "

ഖാദറിന്റെ മാനം കപ്പല് കയറി 

കാര്യം പിടികിട്ടിയ മറ്റു കുട്ടികള്‍  മോഹനന്‍ മാസ്റ്റര്‍   ക്ലാസ്സില്‍ ഉണ്ടെന്ന  ബോധം ഇല്ലാത്തതുപോലെ ആര്‍ത്തു ചിരിക്കാന്‍ തുടങ്ങി.   അടുത്ത ക്ലാസ്സില്‍ നിന്ന് മീനാക്ഷി ടീച്ചര്‍ കര്‍ട്ട നു മുകളിലൂടെ ഏന്തി നോക്കി യിട്ടും, ഹെഡ് മാസ്റ്റര്‍ ഓഫീസ്സില്‍ നിന്നും പുറത്തേക്ക് ഇറങ്ങുന്നത് കണ്ടിട്ടും ചിരി നില്‍ക്കുന്നില്ല

പെട്ടെന്ന്, ചുറ്റും ഉയരുന്ന അട്ടഹാസങ്ങളെ  തോല്‍പ്പിച്ചു കൊണ്ട് ഖാദറിന്റെ ശബ്ദം ക്ലാസ്സില്‍ മുഴങ്ങി.
"എനിക്ക് കക്കൂസില്‍ പോണ്ട"

ലാവ തണുത്ത് ഉറഞ്ഞു  കട്ടിയാകുന്നത് എങ്ങിനെയാണെന്ന് ഖാദര്‍ അറിഞ്ഞു. മോഹനന്‍ മാസ്റ്റര്‍ പഠിപ്പിക്കാതെ തന്നെ.

Monday, February 4, 2013

നായിക മഞ്ജു ; വില്ലന്‍ ദിലീപ്

ഞാന്‍ പണ്ട് ഡിജി  യില്‍ വരുന്ന കാലത്ത്  4 മണി ചായ എന്നൊരു പരിപാടി അവിടെ ഉണ്ടായിരുന്നില്ല. വൈകുന്നേരം ഒരു ചായ കിട്ടിയില്ലെങ്കില്‍ മാനസികമായി എനിക്കൊരു  തലവേദന വരും.  ലാബ്‌ ട്രെയിനി ക്ക് ചായ കുടിക്കാന്‍ പോകാമോ എന്ന്  മനസ്സിലാകാതെ ആദ്യത്തെ രണ്ടു ദിവസം ഞാന്‍ കടിച്ചു പിടിച്ചു നിന്നു. മൂന്നാമത്തെ ദിവസം ഓഫീസില്‍ നിന്ന് അനുവാദം വാങ്ങി അശോകന്റെ ചായ പ്പീടികയില്‍ നിന്ന് ഒരു പൊടിച്ചായ യും പരിപ്പുവടയും കഴിച്ചു തിരിച്ചു വരുമ്പോഴും ബാക്കി എല്ലാ മാഷന്മാരും കമ്പ്യൂട്ടര്‍ മോനിട്ടരിനെ കണ്ണ് മിഴിച്ചു പേടിപ്പിച്ചു കൊണ്ടിരിക്കുക തന്നെയായിരുന്നു. അനാവശ്യമായ ഒരു തലക്കനം എല്ലാവര്ക്കും ഉള്ളതുപോലെ എനിക്ക് തോന്നുകയും എന്റെ കൂടെത്തന്നെ ട്രെയിനി  ആയി വന്ന സുധീര്‍ അത് ചുണ്ട്കോട്ടി, തലയാട്ടി, അമ്പോ ഭയങ്കരം എന്ന് ആശ്ചര്യ പ്പെട്ട് ശരി വെക്കുകയും ചെയ്തു 

വടകരയിലെ ഏറ്റവും മികച്ച കമ്പ്യൂട്ടര്‍ സെന്ററിലെ ഫാക്കല്‍റ്റികള്‍  സംസാരിക്കുന്ന വിഷയം  സ്വാഭാവികമായും ടെക്നോളജി യെ പ്പറ്റി ആയിരിക്കും. അക്കാലത്തെ പുപ്പുലി മാഷന്മാര്‍ ,  പേപ്പര്‍ ലെസ്സ് ഓഫിസ്  എന്നൊരു  സംഭവം സാധ്യമാണോ അല്ലയോ എന്നത്  ചര്‍ച്ച  ചെയ്യുന്നത്  പൊട്ടന്‍  വെടിക്കെട്ട് കാണുന്ന അതേ അവസ്ഥയില്‍ ഞാന്‍ കേട്ടിരുന്നിട്ടുണ്ട്. കുറേ  അധികം സമയം കേട്ട് കഴിഞ്ഞപ്പോള്‍  എനിക്ക് മനസ്സിലായി - പഹയന്മാര്‍ പറയുന്നത് ഒരു തുണ്ട് കടലാസ് പോലും ഉപയോഗിക്കാതെ ഒരു  സര്‍ക്കാര്‍ ഓഫീസ് പ്രവര്‍ത്തിപ്പിക്കുന്ന കാര്യമാണ് എന്ന്  .

കുറച്ചു കാലം കൊണ്ട് എല്ലാവരും ഒരേ പോലെ സുഹൃത്തുക്കളാവുകയും,  4 മണി ചായ സംഘത്തിലേക്ക് ഓരോരുത്തരായി കടന്നുവരികയും ചെയ്തു. നവരാത്രി പൂജ, റിസള്‍ട്ട് വന്നാലുള്ള   സ്പെഷ്യല്‍  ലഞ്ച് പാര്‍ട്ടി, ഗള്‍ഫില്‍ നിന്ന് ചന്ദ്രേട്ടന്‍ വന്നാല്‍ ഉണ്ടാവുന്ന പ്രത്യേക സ്റ്റാഫ്‌ മീറ്റിംഗ്   തുടങ്ങിയ ദേശീയ ഉത്സവങ്ങള്‍ക്ക് മാത്രം മസില്‍ അയച്ച്   ഓഫ്‌ ഡ്യൂട്ടി മൂഡില്‍ നിന്നിരുന്ന ഞങ്ങള്‍ എല്ലാവരും 4 മണി ചായ കുടിക്കാനുള്ള  വിനോദയാത്രയെ വല്ലാതെ ഇഷ്ടപ്പെട്ടു. ആദ്യമാദ്യം പത്തു മിനിട്ട് കൊണ്ട് തീര്‍ന്ന ചായ കുടി പിന്നീട് സമയം കൂടി കൂടി ഒരു മണിക്കൂര്‍ വരെ യുള്ള വെടി പറച്ചിലായി 

ചായ ഒരു വികാരമാണ് , അതിനെ വെറും ഒരു ദ്രാവകം മാത്രം എന്ന രീതിയില്‍ കാണാതെ മിനിമം ഒരു പാനീയം എന്ന അന്തസ്സ് എങ്കിലും കൊടുക്കണ്ടേ   എന്ന്  ചായക്കടക്കാരന്‍  അശോകനോടു കലഹിച്ച് , പൊടുന്നനെ പ്രിയേഷാണു  തുടങ്ങിയത് - മ്മക്കൊരു സിനിമ പിടിച്ചാലോ എന്ന് !

എല്ലാവരും ചെറിയ പ്രായക്കാര്‍. അത്യാവശ്യം സിനിമ കാണുന്നുണ്ട്. മമ്മൂട്ടി ആണോ മോഹന്‍ലാല്‍ ആണോ നല്ല നടന്‍  എന്ന ആഗോള പ്രതിസന്ധിക്ക് , മോഹന്‍ലാല്‍ എന്ന് കണിശമായി ഉത്തരം പറയുന്നവര്‍. നടികളില്‍ മികച്ചതു ആരെന്നു ചോദിക്കേണ്ട -മഞ്ജു വാരിയര്‍.

സിനിമ സംവിധായകന്റെ  കലയാണ്, അതുകൊണ്ട് നല്ല സംവിധായകന്‍ നിര്‍ബന്ധം എന്ന് ശ്രീജിത്ത്‌ എം പി. ആര് സംവിധാനം ചെയ്താലും നായകന്‍ മോഹന്‍ലാല്‍ നായിക മഞ്ജു വാരിയര്‍   അതില്‍ ആര്‍ക്കും ഒരു സംശയവും ഇല്ല -

തല്ക്കാലം പൈസ പോകുന്ന കാര്യമല്ലല്ലോ,  വെറുതെ സങ്കല്‍പ്പിക്കുമ്പോള്‍ എന്തിനു മോശ മാക്കണം - സംവിധായകന്‍ മണിരത്നം തന്നെ വേണം - അങ്ങിനെ ആദ്യം തീരുമാനിക്കപ്പെട്ടത്  സംവിധായകന്‍.

തിരക്കഥ ഒരു വലിയ പ്രശ്നമായി. എം ടി, ലോഹിതദാസ് അങ്ങിനെ പ്രഗല്‍ഭരുടെ  പേരുകള്‍- ചര്‍ച്ച   സജീവം.

പിറ്റേന്ന് വീണ്ടും ചായക്കടയില്‍ ചൂടന്‍ ചര്‍ച്ചകള്‍. ഇനിയും ഉറപ്പിക്കാന്‍ സാധിക്കാത്ത കഥ,തിരക്കഥക്ക്  ഒരു പുതുമുഖത്തെ കണ്ടുപിടിക്കാം . അല്ലെങ്കില്‍ നമ്മള്‍ക്കെല്ലാവര്‍ക്കും കൂടി ആലോചിക്കാം എന്ന് സജിത്താണ് ഒരു തുടക്കമിട്ടത് 

ആയിക്കോട്ടെ - പക്ഷെ കഥ നല്ലതായിരിക്കണം . അല്ലെങ്കില്‍ പടം പൊട്ടും

പ്രണയം  മുതല്‍ അഴിമതി വരെ കഥയ്ക്ക് പറ്റിയ പലവിഷയങ്ങളുണ്ട് പക്ഷെ മോഹന്‍ലാല്‍ മഞ്ജു വാരിയര്‍ ജോഡിക്ക് പറ്റിയ, ത്രില്ലിംഗ് ആയ എന്തെങ്കിലും വേണം ചെയ്യാന്‍. 

വെറുതെ പറഞ്ഞു തുടങ്ങിയതാണെങ്കിലും, നടക്കുന്ന കാര്യമല്ല എന്ന് വ്യക്തമായി അറിയാമെങ്കിലും എന്തോ ഞങ്ങള്‍ ക്ക് ഇതില്‍ രസം പിടിച്ച് തുടങ്ങിയിരുന്നു 

ഒരു  പോലീസ് കഥയാകട്ടെ 
ആരെങ്കിലും ആരെയെങ്കിലും കൊല്ലട്ടെ 
അത് മോഹന്‍ലാല്‍ കണ്ടുപിടിക്കട്ടെ 
സി.ബി.ഐ. ഡയറി ക്കുറിപ്പ്‌ പോലെ ആയിപ്പോകരുത് 
അവസാനം കോടതിയില്‍ നെടുനീളന്‍ രംഗങ്ങളില്‍ സിനിമ സന്തോഷത്തില്‍ തീരട്ടെ 
മഞ്ജു  വാരിയര്‍ ക്ക് ശക്തമായ വക്കീല്‍ റോള്‍ ആയിക്കോട്ടെ.
വില്ലന്‍ - ഒരിക്കലും അങ്ങനെയാണെന്ന് തോന്നിക്കാത്ത ഒരാള്‍  ആയിരിക്കണം. പറ്റുമെങ്കില്‍ സാഹചര്യം കൊണ്ട് വില്ലനായിപ്പോയ ഒരു സാധു.

യഥാര്‍ഥത്തില്‍    ഇങ്ങനെയാണോ ഒരു ചര്‍ച്ച ഉണ്ടാവുക എന്ന് ഞങ്ങള്‍ക്ക് അറിയില്ല. പക്ഷെ പതിയെ പതിയെ കഥ അതിന്റെ വിശദാംശങ്ങ ളിലൂടെ  വശങ്ങളിലേക്ക് വളരാന്‍  തുടങ്ങി.

ആദ്യത്തെ 5 മിനിറ്റ്  ടൈറ്റില്‍ , 3ഡി സ്റ്റുഡിയോ വെച്ച് ഗംഭീരമാക്കണം; കണ്ടു നില്‍ക്കുന്നവന്‍ ഞെട്ടണം. മലയാള സിനിമ എന്നല്ല ലോക സിനിമ ഇതുവരെ കാണാത്ത അത്രയും മനോഹരമായ കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് നിര്‍ബന്ധമായും വേണം -   തുടങ്ങിയ  സാങ്കേതിക സങ്കല്‍പ്പ ങ്ങള്‍ക്കപ്പുറം, ഞങ്ങള്‍ കഥയെപ്പറ്റിയും ചിന്തിച്ചു തുടങ്ങി. ഉത്തരത്തില്‍  നിന്നും ചോദ്യമുണ്ടാക്കുന്ന മറിമായം

വെറുതെ വീട്ടില്‍ നിന്ന് വഴക്കിട്ട് ഇറങ്ങിപ്പോയ ഒരാള്‍ - വഴക്കിനൊരു കാരണം വേണം -
അയാളെ കാണാതാകുന്നു എന്ന രീതിയില്‍ തുടങ്ങാം
വീട്ടിലേക്കു പല സ്ഥലത്ത് നിന്നായി മണിഓര്‍ഡറുകള്‍ വരുന്നുണ്ട്
ഒരു  ഘട്ടത്തില്‍ അയാള്‍ കൊല്ലപ്പെടുകയായിരുന്നു എന്ന്  മനസ്സിലാകണം
മൃതദേഹം  കണ്ടുപിടിക്കാന്‍ പറ്റുന്നില്ല
ഒടുവില്‍ നമ്മുടെ നായകന്‍ മോഹന്‍ലാല്‍ കോടതിയില്‍ കേസ് തെളിയിക്കും - ബോഡി കണ്ടെടുക്കും.

മൃതദേഹം സാധാരണ പോലെ നീളത്തില്‍ കുഴിയെടുത്തു  കുഴിച്ചിടുന്നതിനു പകരം ആള്‍   വണ്ണത്തില്‍ മണ്ണ് കുത്തനെ തുരന്നു  മറവു ചെയ്തു മേലെ ചെടികള്‍ വച്ചു പിടിപ്പിച്ചതു   കാരണം  കണ്ടു പിടിക്കാന്‍  മോഹന്‍ലാലിനു മാത്രമേ പറ്റിയുള്ളൂ  - നായകന് സിനിമയില്‍ എന്തും സാധ്യമാണല്ലോ !

ഇനി നായികയും നായകനും തമ്മില്‍ ഒരു ഡ്യുയറ്റ് വേണമെങ്കില്‍ അതിന്റേ തായ മസാലകള്‍ വേറെ ചേര്‍ക്കണം. പക്ഷെ ഞങ്ങള്‍ തീരുമാനിച്ചു, ഇതില്‍ പാട്ടുകള്‍ വേണ്ട. നായകന്‍ നായിക എന്നതിനു പകരം ശക്തമായ രണ്ടു കഥാപാത്രങ്ങള്‍ , അവര്‍ തമ്മിലുള്ള പ്രൊഫഷണല്‍ ബന്ധം -അത്ര മതി . സിനിമയുടെ അവസാനം അവര്‍തമ്മില്‍ കല്യാണം കഴിച്ചില്ലെങ്കില്‍, ഒരു ലിവിംഗ് ടുഗതര്‍  ബന്ധം എങ്കിലും വേണ്ടേ എന്നതിന് ഒരു തീരുമാനമെടുക്കാന്‍ ഞങ്ങള്‍ ഒരു പാടു ചായ കുടിക്കേണ്ടി വന്നു

നമ്മള്‍ക്ക് സാധിക്കാത്തത് ആരോ സ്ക്രീനില്‍ കാണിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു പ്രത്യേക സന്തോഷം, അതുണ്ടെങ്കില്‍  പടത്തിനു ആള് കേറും എന്ന മന:ശാസ്ത്രം - ഉണ്ടാക്കാത്ത പടത്തിനു ആളു കേറിയില്ലെങ്കില്‍ എന്താ എന്ന പ്രായോഗികതയില്‍ മാറ്റിവെച്ചു ഞങ്ങള്‍ ചര്‍ച്ച  തുടര്‍ന്നു - വളരെ സീരിയസ് ആയി.

കഥ , ശരിക്കും പറഞ്ഞാല്‍ അവാര്‍ഡു പടത്തിനു വാണിജ്യ സിനിമയിലുണ്ടായ  കുരുത്തം കെട്ട കുട്ടിയെപ്പോലെ  ഞങ്ങള്‍ക്ക് മുന്‍പില്‍ ചിരിച്ചും,ഓടിയും, പിടി തന്നും  തരാതെയും  നിന്നു.

ഒരു ദിവസം സാധാരണ പോലെ പൊടിച്ചായ കുടിക്കാന്‍ ചെന്ന ഞങ്ങള്‍ക്ക് ചായ തരും മുന്‍പ് അശോകന്‍ അന്നത്തെ സായാഹ്ന പത്രം എടുത്തു നീട്ടി

മഞ്ജു  വാരിയര്‍ വിവാഹിതയായി. ദിലീപാണ് വരന്‍. ഇനി അഭിനയിക്കുന്നില്ല. ഞങ്ങള്‍ ആകെ കുടുങ്ങി. ഞങ്ങളുടെ നായിക അപ്രതീക്ഷിതമായി അഭിനയം നിറുത്തിയിരിക്കുന്നു.  അവരെ കണ്ടിട്ടാണ്  കഥ ഉണ്ടാക്കുന്നത് തന്നെ. ഇനിയിപ്പോ  എന്ത് ചെയ്യും.

തമിഴില്‍ നിന്ന് സിമ്രാനെ കൊണ്ട് വരാം എന്ന് ശ്രീജിത്ത്‌ പറഞ്ഞതേയുള്ളൂ. മഞ്ജു വാരിയര്‍ക്കു പകരം വെക്കാന്‍ സിമ്രാനോ എന്ന് ഡൈ ഹാര്‍ഡ് ഫാന്‍സ്‌ ആയ ഞങ്ങള്‍ പരസ്പരം കലഹിച്ചു . പ്രായോഗികമായി ഒരിക്കലും നടക്കാത്ത സിനിമക്ക് തത്വത്തില്‍ ഒരു വില്ലനെ കിട്ടി-ദിലീപ്.

സാരമില്ല ആദ്യത്തെ പടം പെട്ടിയില്‍ കുടുങ്ങുന്നത് രാശിയാണെന്ന് ഞങ്ങള്‍ സിനിമയെ അവിടെ ഉപേക്ഷിച്ചു . പക്ഷെ 4 മണി ചായ വിവിധ വിഷയങ്ങളിലൂടെ ഇന്നും തുടരുന്നു. . ഇനി മഞ്ജു  വാരിയര്‍ രണ്ടാമത് അഭിനയം തുടങ്ങിയാല്‍ അപ്പോള്‍ ഞങ്ങളുടെ സിനിമയും  നിര്‍ത്തിയേടത്തു നിന്ന് വീണ്ടും തുടങ്ങുമായിരിക്കും- മോഹന്‍ലാലിനെ തന്നെ നായകനാക്കിക്കൊണ്ട്.