Friday, December 14, 2012

അയാള്‍


ചില കാര്യങ്ങള്‍ പൂര്‍ണ്ണമായി രൂപപ്പെട്ടിട്ടില്ലാത്ത തിരക്കഥ വച്ച് പടം പിടിക്കുന്നത് പോലെയാണ്. ഒരുപാടു വെട്ടിത്തിരുത്തലുകള്‍ ഇടയില്‍ വന്നു കൊണ്ടേ ഇരിക്കും. ആവശ്യത്തിനോ അല്ലാതെയോ പുതിയ കഥാപാത്രങ്ങള്‍  ഭൂതകാലത്തില്‍ നിന്നോ ഭാവികാലത്തില്‍ നിന്നോ എന്നറിയാതെ വര്‍ത്തമാനത്തിലേക്ക് കയറി വരാം. പെട്ടെന്ന് ഇടക്ക് കയറി വന്ന ഒരാള്‍ ശുഭ പര്യവസായി ആയിത്തീരേ ണ്ട  കഥയെ അങ്ങനെ അല്ലാതാക്കി കളയുകയും ചെയ്യാം 

ഇടയില്‍ കഥാപാത്രങ്ങളുടെ വഴിയും ഡയലോഗുകളും പിഴച്ച്  ഇനിയെന്തുമാകം മുന്നോട്ട്   എന്ന സന്ദിഗ്ധ അവസ്ഥയില്‍ കാടു കേറി നില്‍ക്കുമ്പോഴാണ് അയാള്‍ ഒട്ടു നേരത്തെ  ഇതിലേക്ക് കയറി വന്നത്. നെഗറ്റീവ് ആണോ പോസിറ്റീവ് ആണോ റോള്‍ എന്നതിന് ഒരിക്കലും ഒരുത്തരവും നല്‍കാനാവാത്ത ഒരു പ്രത്യേക ഡയമെന്‍ഷ നില്‍ , അറ്റ് വീഴുന്നത് പോലെ പ്രത്യക്ഷപ്പെട്ടതാ ണ്  അയാള്‍
കഥ മുന്നോട്ടു പോകുമ്പോള്‍ അയാളോട് പറയേണ്ടിയിരുന്ന എല്ലാ സംഭാഷണങ്ങളെയും  ഒരു ചുവന്ന വര കൊണ്ട് അടര്‍ത്തി മാറ്റി തിരക്കഥാ കൃത്ത് പുതിയ സംഭാഷ ണ  ങ്ങള്‍  തിരക്കിട്ട് എഴുതി തു ടങ്ങി .  പിന്നീടൊരു സന്ദര്‍ഭത്തില്‍ അയാളോട് പറയേണ്ടിയിരുന്ന മനോഹരമായ ഡയലോഗുകള്‍ മുഴുവന്‍ വെറുതെയായി. ഒന്നും കേള്‍ക്കാന്‍ നില്‍ക്കാതെ സീനില്‍ നിന്നും ഇറങ്ങി നടന്ന കഥാപാത്രം വില്ലനാണോ  സ്വഭാവ നടനാണോ എന്ന് മനസ്സിലാകാതെ സംവിധായകന്‍ അന്തിച്ചു നില്‍ക്കുമ്പോള്‍ തലയ്ക്കു മീതെ യുള്ള യഥാര്‍ത്ഥ സംവിധായകന്‍ ചിരിക്കുന്നുണ്ടായിരുന്നു. പെട്ടിയി ലാകാന്‍ പോകുന്ന കണ്ണീര്‍ പടത്തിന്റെ പരിപ്പെടുത്തത്  വലിയ ദുരിതങ്ങളില്‍ നിന്നുള്ള  രക്ഷയായിരുന്നെന്നു തിരിച്ചറി ഞ്ഞ്  വാഴ്ത്തുന്ന കാലം വരുമെന്ന് മുന്നേ അറിയാവുന്നത് അദ്ദേഹത്തിനു മാത്രമാണല്ലോ 

Thursday, December 13, 2012

തട്ടത്തിന്‍ മറയത്ത്


തട്ടത്തിന്‍ മറയത്ത് സിനിമ ഒന്നോടിച്ചു കണ്ടു. നായര്‍ ചെക്കന്‍ മുസ്ലീം പെണ്ണിനെ സ്നേഹിച്ച കഥ. സിനിമ യായത്‌ കൊണ്ടും  , അത് പണം ചിലവാക്കി നിര്‍മ്മിച്ച വര്‍  ക്ക്  ചിലവാക്കിയ പണം തിരിച്ചു കിട്ടണം എന്നുള്ളത് കൊണ്ടും സംഗതി സൂപ്പര്‍ ആക്കി . കഥാന്ത്യം നായകന്‍ നായികയെ കെട്ടുന്നു കണ്ടു നിന്നവര്‍ കൈ കൊട്ടുന്നു. 

പണ്ട് ഡിഗ്രി ക്ക് പഠിക്കുന്ന കാലത്ത് എന്റെ ഒരു മാപ്പിള  ചങ്ങാതി  തീയ്യത്തി പെണ്ണിനെ പ്രേമിച്ചിരുന്നു. പഴയ കാലമാണ്. പ്രണയം ദിവ്യം, ശാന്തം, ദീപ്തം ...
പന്ത്രണ്ടര ക്ക് ക്ലാസ് വിടും. പെണ്ണിന്റെ ബസ്‌ വരാന്‍  ഒന്നരയാകും. അത് കഴിഞ്ഞേ അവന്‍ പോകൂ. ബാക്കിയുള്ളവരെ പോകാന്‍ സമ്മതിക്കുകയും ഉള്ളൂ . പഴയ സ്റ്റാന്‍ഡില്‍ നട്ടുച്ചക്ക് അടിക്കുന്ന ഒരു പ്രത്യേകതരം ചൂട്  കാറ്റുണ്ട് . അത്  മുഖത്ത് തട്ടുമ്പോ എന്റെ സാറേ സകലത്തിനെയും  കൊന്നു കൊല വിളിക്കാന്‍ തോന്നും.

കമന്റ് അടിക്കുന്ന ഓസ്‌പാഡി കളെ കണ്ണുരുട്ടി പേടിപ്പിക്കുക, അവളെ ശല്യ പ്പെടുത്താന്‍ വരുന്ന വണ്ടുകളെ അക്കാലത്തെ ഫാഷന്‍ ആയിരുന്ന വളഞ്ഞ കാലുള്ള കുട കൊണ്ട് ആട്ടി പ്പാ യിക്കുക തുടങ്ങി ഏതൊരു  കാമുകനും ചെയ്യേണ്ട അടിസ്ഥാന പരമായ കാര്യങ്ങള്‍ക്കു  ഒരു ലൈം  ജ്യൂസ്‌ പോലും പ്രതിഫലം പറ്റാതെ  ഞങ്ങള്‍ സുഹൃത്തുക്കള്‍ സഹായമായി നിന്നിരുന്നു 

മോയ്ല്യരുറെ മോന്‍ ഹിന്ദു പെണ്ണിനെ എന്തായാലും കല്യാണം കഴിക്കും എന്ന വിശ്വാസമൊന്നും ഉണ്ടായിരുന്നില്ല എങ്കിലും ഈ ഹിന്ദു മുസ്ലീം പ്രണയത്തെ ഞങ്ങള്‍ പരമാവധി സപ്പോര്‍ട്ട് ചെയ്തു. മൊബൈല്‍ ഫോണ്‍ ഇല്ലാതിരുന്ന കാലത്ത് മറ്റെല്ലാവരും ചെയ്യുന്നത് പോലെ പ്രണയലേഖനങ്ങള്‍ പാറി പ്പറന്നു. കൈയ്യില്‍ കിട്ടിയ കടലാസ് കഷണത്തിന്മേല്‍ അവള്‍ തന്റെ വൃത്തിയുള്ള കൈയക്ഷരത്തില്‍ കുനു  കുനാ  എഴുതി കൈമാറുന്ന ഹൃദയ സ്പന്ദനങ്ങള്‍ വായിച്ചു സ്വപ്നം കണ്ടു നടന്നു അവനു രണ്ടാം കൊല്ലം നാലു പേപ്പര്‍ ബാക്കി യാ 
യിപ്പോയി . 

പ്രണയം കണ്ണിലെ തിളക്കമാകുന്നതും, കടക്കണ്ണിന്‍ ചുവപ്പാകുന്നതും, അടഞ്ഞ മിഴികളിലെ സ്വപ്നമാകുന്നതും പിന്നെ പിന്നെ തുമ്പി ക്കൈ  വ ണ്ണ ത്തില്‍  കണ്ണു നീരാകുന്നതും ഞാന്‍ ആദ്യമായി കണ്ടത് അവരിലൂടെ യായിരുന്നു  

കാലം കുറെ ക്കഴിഞ്ഞ് . അവന്റെ മുറിയിലെ സ്റ്റീല്‍ അലമാര യുടെ കള്ള അറയില്‍ നിന്ന് ഒരു വലിയ കെട്ട്  കടലാസുകളും പിന്നെ പെണ്ണ് രാത്രി മുഴുവന്‍ ഉറക്കൊഴിച്ച്  തുന്നിയതും  കോര്ത്തെടുത്തതുമായ  കുറെ സാധനങ്ങളും  വലിച്ചു വാരി കത്തിക്കുമ്പോള്‍ ജാലകത്തിനു പുറത്ത് വെറ്റില വള്ളികള്‍   മുളം കാലുകളില്‍ വളര്‍ന്നു നില്‍ക്കുന്നുണ്ടായിരുന്നു . ഒരിക്കലും  പൂക്കാത്ത, കായ്ക്കാത്ത  വെറ്റില വള്ളികള്‍.

ദശ പുഷ്പം


മുക്കുറ്റി, പൂവാം കുരുന്നില,ഉഴിഞ്ഞ,കറുക,ചെറൂള .... ഏതോ ഒരു പഴയ ആരോഗ്യ മാസികയിലെ മുഷിഞ്ഞ ഒരു പേജ് നോക്കി കുറച്ചു സമയമായി ഞാനിങ്ങനെ ഇതുതന്നെ വായിച്ചു കൊണ്ടിരിക്കുന്നു. ദശ പുഷ്പങ്ങളുടെ പേരുകള്‍  . വെറുതെ ഇരിക്കുമ്പോള്‍ കാണാതെ  പഠിക്കാനുള്ള  ശ്രമം - 
ഒരു പരിചയവു മില്ലാത്ത വീടിന്റെ വരാന്തയിൽ അകത്തു പോയവരെ കാത്തിരിക്കുന്ന നേരത്ത് കൈയ്യിൽ കിട്ടിയ താണു ഈ മാസിക.

ഈ വീട്ടിലെ ആരെയും എനിക്കറിയില്ല. പ്രമോ ദേട്ടന്റെ  കൂടെ വണ്ടിയില്‍ വരുമ്പോ  ഇങ്ങനെ യോരിടത്ത് വരേണ്ടതുണ്ടെന്നു പറഞ്ഞിട്ടുമില്ല.

ഓല വെച്ച്  കെട്ടിയ പത്തായപ്പുര, മുത്തങ്ങ പ്പുല്ല്  കാടു പിടിച്ചു കിടക്കുന്ന മുറ്റം; പഴകി, വീഴാറായ, കഴുക്കോല്‍ വാരിയെല്ലുകള്‍ പുറത്ത് കാണിച്ചു  നില്‍ക്കുന്ന പ്രാകൃതമായ തൊഴുത്ത് . കുമ്മായ മടര്‍ന്നു കുഴികള്‍ നിറഞ്ഞ ചവിട്ടു പടികള്‍ പഴയ കാവി  ക്കോനായയിലേക്ക്  പടര്‍ന്നു കിടക്കുന്നു, നടവഴിയില്‍ നൂറ്റാണ്ടുകള്‍ പഴക്കമുണ്ടെന്ന് തോന്നിപ്പിക്കുന്ന രണ്ടു മര മുല്ലകള്‍. അകത്തുനിന്നു അവിടുത്തെ വല്യമ്മ തന്റെ ഉയര്‍ന്നും താഴ്ന്നും ഉള്ള ശബ്ദത്തില്‍ പതം  പറഞ്ഞു  കരയുന്നു.അവരുടെ മകന്‍ അകാലത്തില്‍  മരിച്ച്ചുപോയിട്ടുണ്ട്. അധിക കാലം ആയിട്ടില്ല. പഴയ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് സിനിമ യില്‍ കാണുന്നത് പോലെ ട്രൌസര്‍ മാത്രം ധരിച്ച ഒരു ചെക്കന്‍  എന്ത് ചെയ്യണം എന്നറിയാതെ വിരുന്നു വന്ന എല്ലാവരുടെയും മുഖത്ത് മാറി മാറി നോക്കുന്നു. അടുക്കളയില്‍ നിന്നും മധ്യ വയസ്സ് കഴിഞ്ഞ ഒരു സ്ത്രീ കോനായ യിലേക്ക് എത്തി നോക്കി അകത്തേക്ക്,   ആരോടും യാതൊരു പരിചയ ഭാവവും കാണിക്കാതെ യാണ് അവര്‍ പെരുമാറി ക്കൊണ്ടിരുന്നത്. നരച്ച ചാര നിറമുള്ള ഒരു പൂച്ച തന്റെ എന്തോ ഒരു വസ്തു തിരയുന്നത് പോലെ ഉച്ചത്തില്‍ മ്യാവൂ കരഞ്ഞു കൊണ്ട് ആ വീട് മുഴുവന്‍ തിരഞ്ഞു നടക്കുന്നുണ്ടായിരുന്നു. കാലം നിലച്ചു പോയതുപോലെ, കനച്ച മണമുള്ള ആ ചുറ്റുപാടില്‍ കൃത്യമായി ട്ടുള്ളത്‌ ചായം പൂശാന്‍ വല്ലാതെ വൈകിപ്പോയ അകം ചുമരില്‍ തൂങ്ങി ക്കിടക്കുന്ന പഴയ ക്ലോക്കിലെ സമയം  മാത്രം  !

പുറത്തിറങ്ങി വണ്ടിയില്‍ കയറിയിട്ടും കുറച്ചു സമയം ആരും ഒന്നും മിണ്ടിയില്ല. പിന്നെ പതുക്കെ പ്രമോ ദേട്ടന്‍  പറഞ്ഞു തുടങ്ങി ;പണ്ട് സ്കൂള്‍ പൂട്ടിയാല്‍  വല്യമ്മ യുടെ വീട്ടില്‍ താമസിക്കാന്‍ വരുന്നതിനെ പ്പറ്റി ; തിരിച്ചു പോകുമ്പോള്‍ അവര്‍ വാങ്ങി കൊടുക്കുന്ന കുപ്പയത്തെപ്പറ്റി ...

Wednesday, January 25, 2012

വാക്കുകള്‍


ചില വാക്കുകള്‍ അങ്ങിനെയാണ് 
ഏറ്റവും ഉറപ്പുള്ള എന്തോ കൊണ്ട് കെട്ടിയുണ്ടാക്കിയ അക്ഷരക്കൂട്ടങ്ങള്‍ !
വൈകാരികമായി ഏത് അവസ്ഥയില്‍ നില്‍ക്കുമ്പോള്‍ ആണോ അവ ശബ്ദരൂപം പൂണ്ടത്  അതേ വൈകാരികതയുടെ നേരും വ്യാപ്തിയും അതിനു സ്വമേധയാ വന്നു ചേരുന്നു.

യഥാര്‍ത്ഥത്തില്‍ 
പറഞ്ഞു പോയ വാക്കുകള്‍ക്ക് മേല്‍ അടയിരുന്ന് എത്ര പ്രാണനുകള്‍ ദുരന്തപ്പെട്ടു പോയിട്ടുണ്ടാകും!

ധൈര്യക്കുറവിന്റെയും, നിര്‍ഭാഗ്യത്തിന്റെയും തീ മഴയില്‍ നടക്കുന്നവര്‍ക്ക് ചിലപ്പോഴെങ്കിലും വാക്കുകള്‍ തിരിഞ്ഞോടാനുള്ള  മറകള്‍ നല്കിയിട്ടുണ്ടാകും.

ഇനിയൊരിക്കലും നേരിടേണ്ടി വരില്ല എന്നുറപ്പുള്ള വിഷമ വൃത്തത്തെ , ഞാനത് എളുപ്പം ശരിയാക്കിയേനെ എന്ന് വൃഥാ പറയാന്‍ ചില വാക്കുകള്‍ തുണ വന്നേക്കാം

പിന്നെ പിന്നെ  ... വാക്കുകള്‍ അല്ലായിരുന്നു ഒന്നിന്റെയും യഥാര്‍ത്ഥ കാരണങ്ങള്‍ എന്ന് തോന്നുന്ന ഒരു കാലത്ത് കുനിഞ്ഞ തലക്കുള്ളില്‍ പുതിയ വാക്കുകള്‍ക്കായി ധൃതിപ്പെട്ടുള്ള  തിരച്ചിലുകളും നടക്കുന്നുണ്ടാവാം.