Saturday, February 23, 2013

ലാവപത്താം ക്ലാസ് പരീക്ഷക്ക്‌  വിജയ ശതമാനം  12 % മാത്രം ഉണ്ടായിരുന്ന കാലത്തും മോഹനന്‍ മാഷ് ഭൂമിശാസ്ത്രം  പഠിപ്പിക്കുന്ന എല്ലാവരും ആ പരീക്ഷക്ക്‌ ജയിക്കുന്ന ഒരു പ്രതിഭാസം ഞങ്ങളുടെ  സ്കൂളില്‍ ഉണ്ടായിരുന്നു. മോഹനന്‍ മാസ്റ്റരുടെ പഠിപ്പിക്കുന്ന രീതി അനുഭവി ച്ചവര്‍ക്ക്  അതില്‍ ഒരത്ഭുതവും തോന്നുകയില്ല.   നിദ്ദയവും  ക്രൂരമെന്നു തോന്നിക്കുന്നതുമായ ചില ശിക്ഷണ  കലാപരിപാടികള്‍ക്ക് മാഷക്ക് പണ്ടേ  പേറ്റന്റ് കിട്ടിയിട്ടുണ്ട്.

പഠിപ്പിച്ചു തീര്‍ന്ന പാഠത്തില്‍ നിന്ന് കുറെ ഒറ്റവാക്ക്  ചോദ്യങ്ങള്‍ തലേ ദിവസം എഴുതി തരും. രാത്രി വീട്ടില്‍നിന്നു ടെക്സ്റ്റ്‌ ബുക്ക്‌ നോക്കി ഉത്തരം കണ്ടു പിടിച്ചു വിട്ട ഭാഗം പൂരിപ്പിക്കണം. അഥവാ തെറ്റിയാല്‍ പെണ്‍കുട്ടികളുടെ ഭാഗത്ത് മുട്ടുകാലില്‍ നില്‍ക്കണം. കൂട്ടത്തില്‍ ഒരു പെണ്‍കുട്ടി കൂടി ഉണ്ടെങ്കില്‍ രണ്ടു പേരും അഭിമുഖമായി നില്‍ക്കണം. കുറച്ചു കഴിയുമ്പോള്‍ പെണ്ണ് കരയും. കരഞ്ഞാല്‍ നീ അവളെ എന്തിനാ കരയിച്ചത് എന്ന വിചിത്രമായ ചോദ്യവും അടിയും ആണിന് ഉറപ്പ് . ഒന്‍പതേ  മുക്കാല്  കഴിഞ്ഞാല്‍ കുട്ടികള്‍ എല്ലാവരും റോഡില്‍ നോക്കി ക്കൊണ്ടിരിക്കും . അഥവാ മാഷ് ലീവാണെങ്കില്‍ സമാധാനമാ യിരിക്കാമല്ലോ

മാഷ് ക്ലാസ്സില്‍ എത്തി യാല്‍ ആദ്യം ബോര്‍ഡിനടുത്ത് ചെന്ന് ഒരൊറ്റ ചാട്ടത്തില്‍ ഒരു വൃത്തം വരക്കും. പിന്നെ ചിരിക്കുന്ന ചുണ്ടിന്റെ  ഷേപ്പില്‍  ഉത്തര ധ്രുവം അടയാളപ്പെടുത്തി കഴിയുമ്പോള്‍ ഭൂമിക്കു മൊത്തമായി  ഒരു പ്രസന്ന ഭാവം വരാനുണ്ട്. അത് കഴിഞ്ഞു നിര്‍വികാരമായ ഭൂമധ്യ രേഖ പിന്നെ സങ്കടഭാവത്തില്‍ അരികുകള്‍ താഴേക്കു വളഞ്ഞ ഒരു വര കൊണ്ട് ദക്ഷിണ ധ്രുവം.

വീട്ടു കണക്ക്  എന്ന ദുരിത മാരണം ഖാദറിന് ഒരു പ്രശ്നമേയല്ല. ഒന്നാം ബെഞ്ചിലെ സന്തോഷിന്റെ ഉത്തരം ശരിയാണെങ്കില്‍ തന്റേതും ശരിയായിരിക്കും. അല്ലെങ്കിലും ഒരു തെറ്റിന് കൈവെള്ളയില്‍ ഒരു അടി . അതിലപ്പുറം എന്തുകൊണ്ട് ഉത്തരം തെറ്റിപ്പോയെന്ന്‍  കണക്കു മാഷ് ചോദിക്കാറില്ല. പക്ഷെ മോഹനന്‍ മാഷ്  അങ്ങനെയല്ല പഠിക്കാതെ വന്നാല്‍  രക്ഷയില്ല. ടെക്സ്റ്റ്‌ ബുക്ക്‌ വായിപ്പിക്കും.ആവര്‍ത്തിച്ച് എഴുതിപ്പിക്കും  അടിക്ക് പുറമേ ചിലപ്പോള്‍ ക്ലാസ്സിനു പുറത്ത് നിര്‍ത്തും. തടിച്ച ചൂരല് പുറത്തു ഒളിപ്പിച്ചു പിടിച്ച് ഹെഡ് മാസ്റ്റര്‍ എങ്ങാനും ആ വഴി വന്നാല്‍ പിന്നെ കഴിഞ്ഞു . അദ്ദേഹം ആരെയും ഒരൊറ്റ അടി അടിച്ച ചരിത്രമില്ല. ഒന്നുകില്‍ മൂന്ന് അല്ലെങ്കില്‍ അഞ്ച്.

വിട്ടഭാഗം പൂരിപ്പിച്ചത്  പരിശോധിച്ച് കഴിഞ്ഞ്  മാഷ് ക്ലാസ് എടുക്കാന്‍ തുടങ്ങി. സ്വതവേ ഉയര്‍ന്ന ശബ്ദമാണ്‌. മാക്സിമം വോള്യത്തില്‍ ലാവ ഉണ്ടാകുന്നതിനെ പ്പറ്റി മാഷ്‌ കത്തിക്കയറുന്നു.
"ഭൂഗര്‍ഭത്തിലെ അതി  ഭയങ്കര ഉഷ്മാവില്‍  അവസാദ ശില   അടിഞ്ഞ്.... അടിഞ്ഞ്.. ഉരുകി .... ഉരുകി ... "കൂട്ടത്തില്‍ നരേന്ദ്ര പ്രസാദ്‌ സിനിമയില്‍ കാണിക്കുന്നത് പോലെ വിരലുകള്‍ കൊണ്ട് വളരെ ആത്മാര്‍ഥമായി ലാവയെ ഉരുട്ടുന്നുമുണ്ട്.. ഇനി ഇടക്കിടെ ചോദ്യങ്ങളുണ്ടാകും. ക്ലാസ്  ശ്രദ്ധിക്കാത്ത ആരെങ്കിലും ഉണ്ടെങ്കില്‍ അവനെ കണ്ടു പിടിച്ചിരിക്കും. ചോദ്യം ചോദിക്കും. നാണം കെടുത്തും ഉറപ്പ്.

വയറിന്റെ  ദക്ഷിണാര്‍ധ ഗോളത്തില്‍ എവിടെയോ ഒരു ചുറ്റിപ്പിടുത്തം പോലെയാണ്  ഖാദറിന് ആദ്യം തോന്നിയത്. പൊതുവേ മോഹനന്‍ മാഷ് ക്ലാസ്സില്‍ ഉണ്ടെങ്കില്‍ അങ്ങനെയൊരു പിടുത്തം ഉണ്ടാകാറുണ്ട്. പക്ഷെ ഇത് അതിലും അപ്പുറത്ത് എന്തോ ആണ്. ഖാദര്‍ ചെറുതായി വിയര്‍ക്കാന്‍ തുടങ്ങി. രാവിലെ കഴിച്ച  കൊഴുക്കട്ട യാണ്  അലമ്പുണ്ടാക്കുന്നതെന്ന്   ഓര്‍മ്മിച്ചെടുക്കാന്‍ അവന്‍  ഒരുപാടു പ്രയാസപ്പെട്ടില്ല. മാഷ് വന്നപാടെ വരച്ച ഭൂമിയുടെ ചിത്രം ഒരു ക്ലൂ പോലെ ബോര്‍ഡില്‍ ഉരുണ്ടു കിടക്കുന്നുണ്ടല്ലോ.

മോഹനന്‍ മാഷ് അവസാദ ശില ഉരുക്കി ഭൂവല്‍ക്കം തുളച്ചു ലാവയാക്കി പുറത്ത് കൊണ്ടുവരുന്നതിനിടയിലാണ് ക്ലാസ്സില്‍ ശ്രദ്ധിക്കാതെ  ഇരിപ്പുറക്കാത്തത്പോലെ കളിക്കുന്നഖാദറിനെ  കണ്ടത്
"ഖാദര്‍ സ്റ്റാന്റ് അപ്പ് " ഒരൊറ്റ അലര്‍ച്ച
ഖാദര്‍ എണീറ്റ്‌ നില്‍ക്കാന്‍  ശ്രമിച്ചു. ബഞ്ചില്‍ അമര്‍ന്നിരിക്കുമ്പോള്‍ ഉണ്ടായിരുന്ന ഒരു ആത്മവിശ്വാസം അയാളില്‍ നിന്ന്  വിയര്‍ത്ത് പൊയ്ക്കൊണ്ടിരുന്നു
"ലാവ ഉണ്ടാകുന്നതെങ്ങിനെ" പറയാന്‍ പറ്റുമെങ്കില്‍ പറയെടാ എന്നൊരു മുഖഭാവത്തില്‍, സാറിന്റെ വെല്ലുവിളി

ഖാദര്‍ കണ്ണുകള്‍ ഇരുക്കിയടച്ചു നിന്നു.  ബോര്‍ഡില്‍ വരച്ചിട്ട ഭൂമി, രാവിലെ തിന്ന കൊഴുക്കട്ട, അവസാദ ശില, ഭൂഗര്‍ഭത്തിലെ അതി ഭീകരമായ  ഊഷ്മാവ്.ദക്ഷിണ ധ്രുവത്തില്‍ അനുഭവപ്പെടുന്ന അതി സമ്മര്‍ദം  . ഇപ്പൊ കൊല്ലും എന്ന എന്ന് മുന്നില്‍ കടിച്ചു കീറാന്‍  നില്‍ക്കുന്ന മാഷ്.

അടുത്തേക്ക് പറന്നു വന്ന മാഷോട് ഇടറിയ അപേക്ഷാ സ്വരത്തില്‍  ഖാദര്‍ മന്ത്രിച്ചു

" സാര്‍....  കക്കൂസില്‍  പോണം"

അപ്രതീക്ഷിതമായ ഉത്തരം  കേട്ട് ക്ലാസ് എടുക്കുന്നതിലും ശബ്ദത്തില്‍ മാഷ് അലറി

"എന്ത് ....!??"
"കക്കൂസില്‍ പോണം.... ന്നോ "
"കക്കൂസില്‍ പോകാണ്ടാ വന്നേ ... "
"കക്കൂസില്‍ പോകാറില്ലേ "

ഖാദറിന്റെ മാനം കപ്പല് കയറി 

കാര്യം പിടികിട്ടിയ മറ്റു കുട്ടികള്‍  മോഹനന്‍ മാസ്റ്റര്‍   ക്ലാസ്സില്‍ ഉണ്ടെന്ന  ബോധം ഇല്ലാത്തതുപോലെ ആര്‍ത്തു ചിരിക്കാന്‍ തുടങ്ങി.   അടുത്ത ക്ലാസ്സില്‍ നിന്ന് മീനാക്ഷി ടീച്ചര്‍ കര്‍ട്ട നു മുകളിലൂടെ ഏന്തി നോക്കി യിട്ടും, ഹെഡ് മാസ്റ്റര്‍ ഓഫീസ്സില്‍ നിന്നും പുറത്തേക്ക് ഇറങ്ങുന്നത് കണ്ടിട്ടും ചിരി നില്‍ക്കുന്നില്ല

പെട്ടെന്ന്, ചുറ്റും ഉയരുന്ന അട്ടഹാസങ്ങളെ  തോല്‍പ്പിച്ചു കൊണ്ട് ഖാദറിന്റെ ശബ്ദം ക്ലാസ്സില്‍ മുഴങ്ങി.
"എനിക്ക് കക്കൂസില്‍ പോണ്ട"

ലാവ തണുത്ത് ഉറഞ്ഞു  കട്ടിയാകുന്നത് എങ്ങിനെയാണെന്ന് ഖാദര്‍ അറിഞ്ഞു. മോഹനന്‍ മാസ്റ്റര്‍ പഠിപ്പിക്കാതെ തന്നെ.

3 comments:

ajith said...

കൂട്ടത്തില്‍ നരേന്ദ്ര പ്രസാദ്‌ സിനിമയില്‍ കാണിക്കുന്നത് പോലെ വിരലുകള്‍ കൊണ്ട് വളരെ ആത്മാര്‍ഥമായി ലാവയെ ഉരുട്ടുന്നുമുണ്ട്.

good

പത്രക്കാരന്‍ said...

വായിക്കുമ്പോ ഒരുപാട് മോഹനന്‍ മാഷുമാര്‍ മനസ്സിലൂടെ കടന്നുപോയി

vineeth vava said...

നന്നായിരിക്കുന്നു....
ഇനിയും വരാം..