Tuesday, March 12, 2013

ചങ്ങല മനുഷ്യന്‍

ഇരിങ്ങണ്ണൂര്‍  ഭാഗത്ത് പെട്ടെന്നാണ് ചങ്ങല മനുഷ്യന്‍ പ്രത്യക്ഷപ്പെട്ടത്. പലരും കണ്ടു. ഒരു മിന്നായം പോലെ. പലരും കേട്ടു. വളരെ വിശദമായി. കറുത്തു കുറുകിയ ഒരാള്‍.ഒത്ത തടി. കഷണ്ടിത്തല . കൈയ്യിലും കാലിലും പൊട്ടിയ ചങ്ങല. നടക്കുമ്പോള്‍ ചങ്ങലക്കിലുക്കം. നിലത്തു ചങ്ങല വലിയുന്ന ശബ്ദം. രാത്രി പുറത്തിറങ്ങും. പകല്‍ സമയം അമ്പലത്തിനടുത്തുള്ള കാട്ടില്‍  മറഞ്ഞിരിക്കും.ഏതോ ഭ്രാന്താശുപത്രിയില്‍ നിന്ന് ചങ്ങല പൊട്ടിച്ചു പുറത്ത് ചാടിയ ഭ്രാന്തന്‍ തന്നെ എന്ന് എല്ലാവരും കൂടി ഒരു തീരുമാനത്തില്‍ എത്തി.  

പെട്ടെന്ന് തന്നെ കഥ പരന്നു. പേടിച്ചു പോയ പെണ്ണുങ്ങള്‍  സന്ധ്യക്ക്  തന്നെ വാതിലടക്കും. ആണുങ്ങളെല്ലാം നേരത്തെ വീട്ടിലെത്തും. നാട്ടില്‍ മൊത്തം പേടി. വയലിന്റെ നടുവിലെ തോട്ടു  വരമ്പില്‍ ക്കൂടി ചങ്ങല മനുഷ്യന്‍ നടന്നു പോകുന്നത് കണ്ട് , രാത്രി മൂത്രമൊഴിക്കാന്‍ പുറത്തിറങ്ങിയ സുധാകരേട്ടന്‍ ഒന്നിനൊപ്പം രണ്ടും സാധിച്ച്, പനിച്ചു കിടന്നു. ഏതോ വീട്ടിലെ  അടുക്കളയില്‍  വെച്ചിരുന്ന  ചോറ് ചങ്ങല മനുഷ്യന്‍ ചെമ്പ്പാത്രം   അടക്കം എടുത്തുകൊണ്ടു പോയി. തൊടാന്‍ പേടിച്ച് മാറ്റി വെച്ച  മീന്‍കറി രാത്രി മുഴുവന്‍ അനാഥപ്പെട്ട്   തളത്തില്‍ വാ പൊളിച്ചിരുന്നു കഴിച്ചു  കൂട്ടി.

നാട്ടില്‍ എല്ലാവരും സന്ധ്യക്ക് തന്നെ വീട്ടിലെത്തുമ്പോഴും , മാമന്‍ വൈകിയേ വരൂ. നല്ല ആരോഗ്യമുണ്ട് മൂപ്പര്‍ക്ക്. ധൈര്യവും. പക്ഷെ വീട്ടിലുള്ളവര്‍ അങ്ങനെയല്ലല്ലോ   ചങ്ങല മനുഷ്യന്‍   എന്നൊരു ആള്‍ ഇല്ല എന്ന് എത്രവട്ടം പറഞ്ഞു മനസ്സിലാക്കി കൊടുത്തിട്ടും  വല്യമ്മ തിരി താഴ്ത്തി വെച്ച വിളക്കുമായി ജാലകത്തിന്റെ മരയഴികള്‍ ക്കിപ്പുറം മോനെ കാത്തിരുന്നു.

രാത്രി പന്ത്രണ്ടു കഴിഞ്ഞു കാണും. മാമന്‍  വീട്ടിലേക്കു വരുന്ന വഴി.  പെട്ടെന്നാണ് മുന്നില്‍, ഇടവഴിയുടെ വളവില്‍ ഒരാളെ കാണുന്നത്. കറുത്ത, തടിച്ച രൂപം. പാതാളത്തില്‍ നിന്നും പൊങ്ങി വരുന്നത്  പോലെ, അത് ഇരുന്നിടത്തു നിന്ന് എഴുന്നേറ്റു നിന്നു. വായുടെ ഭാഗത്ത് മിന്നി നില്‍ക്കുന്ന ബീഡി തുണ്ട് കണ്ടപ്പോള്‍ മനുഷ്യന്‍ തന്നെ എന്നുറപ്പായി. പ്രേത പിശാചുക്കള്‍ കഴുത്ത് ഞെക്കും ,  രക്തം കുടിക്കും എന്നല്ലാതെ ബീഡി വലിക്കുന്നത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലല്ലോ! ഇത് സംഗതി ചങ്ങല മനുഷ്യന്‍ തന്നെ.

അങ്ങിനെയെങ്കില്‍ ഇതിനെ പിടിച്ചിട്ട്‌ തന്നെ കാര്യം എന്ന തീരുമാനം ഇത്തിരി കടന്ന കൈ ആയിപ്പോയില്ലേ എന്ന് ആര്‍ക്കും തോന്നാം. പക്ഷെ ഇത് എന്താണെന്നു മനസ്സിലായില്ലെങ്കില്‍ പിന്നീടൊരിക്കലും രാത്രി അസമയത്ത് ഈ വഴി വരാന്‍  പറ്റാതായിപ്പോകുമല്ലോ എന്നത് മാത്രമായിരുന്നു മൂപ്പരുടെ ചിന്ത . 

നിലത്തു തപ്പി രണ്ടു കൈകളിലും കല്ലുകളുമായി മാമന്‍ ആയുധധാരിയായി. ആരെടാ  അത് എന്ന്  ഒരലര്‍ച്ച. ചങ്ങല മനുഷ്യന്‍ ഞെട്ടി തിരിഞ്ഞു നോക്കി. പിന്നെ ഒരൊറ്റ ഓട്ടം.
വെടിച്ചില്ല് പോലെ ആദ്യത്തെ കല്ല്‌-അത് ലക്ഷം തെറ്റി. പേടിച്ചോടുന്ന ചങ്ങല മനുഷ്യന്റെ പിന്നാലെ മാമന്‍ പാഞ്ഞു. പേടിയുള്ളവനെ കീഴ്പ്പെടുത്താന്‍ അത്ര വിഷമമുണ്ടാവില്ല എന്ന പ്രമാണ ത്തില്‍ മാത്രം വിശ്വസിച്ചു കൊണ്ട്.  കൊടും കാറ്റായി  പായുന്ന ചങ്ങലമനുഷ്യന്‍ ഇടവഴി തീര്‍ന്നു വയലിലേക്കു ചാടി. വരമ്പ് വഴി മട്ട ത്രികോണത്തിനു നില്‍ക്കാതെ ഞാറു ചവിട്ടി മെതിച്ചു കൊണ്ട് ചെളിക്കണ്ടത്തിലൂടെ അര്‍ദ്ധരാത്രി ഒരു ഓട്ട  പന്തയം.

മൂന്നാം കണ്ടത്തില്‍ എത്തുമ്പോഴേക്കും രണ്ടാളും സമാ സമം. ചങ്ങല മനുഷ്യന്റെ കഴുത്തിനു പിടി വീണു. രണ്ടാളും ചെളിയിലേക്ക്. ചെറിയൊരു കെട്ടി മറി.കോളറിനു പിടിച്ചു പൊക്കി മുഖത്തേക്ക് നോക്കിയ മാമനോട്  ചെളി പുരണ്ട ശബ്ദത്തില്‍  ചങ്ങല മനുഷ്യന്‍ ചോദിച്ചു

"പ്രകാശാ... ഇഞ്ഞിയെനൂ "

"അതാരാ ... വാസൂ ..ഇഞ്ഞിയേട്ന്നാ ഇപ്പം ബെര്ന്നേ... "

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആരെയോ കാണാന്‍ പോയി  തിരിച്ചെത്താന്‍ വൈകിപ്പോയ വാസു. ചങ്ങല മനുഷ്യനെ പേടിച്ചു കൊണ്ട് വീട്ടിലേ ക്ക് നടക്കുന്ന വഴിയാണ്  മാമന്‍ ചങ്ങല മനുഷ്യനെന്ന് കരുതി പിടിക്കാന്‍  പിന്നാലെ ഓടിയത് .  പാവം വാസു വിചാരിച്ചത്  ചങ്ങലമനുഷ്യന്‍ അയാളെ  ആക്രമിക്കാന്‍  ചെല്ലുന്നു എന്ന് തന്നെയാണ്. 

"പ്രകാശാ ഇഞ്ഞി എന്നെ പിടിച്ചത് നന്നായി. അല്ലെങ്കില്  ഞാന്‍ പാഞ്ഞ് പാഞ്ഞ്  പെരിങ്ങത്തൂര്‍ പുഴയില്‍ വീണേനെ".

മരണത്തില്‍ നിന്ന് രക്ഷപ്പെട്ട  ആശ്വാസത്തില്‍ വാസു പുഞ്ചിരിച്ചു. പിന്നെ അരണ്ട നാട്ടു വെളിച്ചത്തില്‍ അയല്‍ക്കാര്‍ രണ്ടാളും ചെളി മനുഷ്യരായി വീട്ടിലേക്കു നടന്നു.


2 comments:

ബെന്‍ജി നെല്ലിക്കാല said...

ചങ്ങല മനുഷ്യന്‍ നന്നായിരിക്കുന്നു. നല്ല ശൈലി. പണ്ട് റിപ്പര്‍ ഇറങ്ങി എന്ന് ഞങ്ങളുടെ നാട്ടിലും ഇതുപോലെ ഒരു കേള്‍വി ഉണ്ടായിട്ടുണ്ട്. അന്ന് ഇത്തരത്തില്‍ റിപ്പറെ പിടിക്കാന്‍ പോയവര്‍ പരസ്പരം പിടിച്ചിട്ടുള്ള തമാശ ഇതു വായിച്ചപ്പോള്‍ ഓര്‍മ്മ വന്നു. ആശംസകള്‍... കൂടെ ചേരുന്നു.

ചീരാമുളക് said...

പുതിയ ബ്ലാക്ക് മാന്റെ ആക്രമണപശ്ചാത്തലത്തിൽ ഈ കഥ പ്രസക്തമാവുന്നു.