മുക്കുറ്റി, പൂവാം കുരുന്നില,ഉഴിഞ്ഞ,കറുക,ചെറൂള .... ഏതോ ഒരു പഴയ ആരോഗ്യ മാസികയിലെ മുഷിഞ്ഞ ഒരു പേജ് നോക്കി കുറച്ചു സമയമായി ഞാനിങ്ങനെ ഇതുതന്നെ വായിച്ചു കൊണ്ടിരിക്കുന്നു. ദശ പുഷ്പങ്ങളുടെ പേരുകള്‍ . വെറുതെ ഇരിക്കുമ്പോള്‍ കാണാതെ പഠിക്കാനുള്ള ശ്രമം -
ഒരു പരിചയവു മില്ലാത്ത വീടിന്റെ വരാന്തയിൽ അകത്തു പോയവരെ കാത്തിരിക്കുന്ന നേരത്ത് കൈയ്യിൽ കിട്ടിയ താണു ഈ മാസിക.
ഈ വീട്ടിലെ ആരെയും എനിക്കറിയില്ല. പ്രമോ ദേട്ടന്റെ കൂടെ വണ്ടിയില്‍ വരുമ്പോ ഇങ്ങനെ യോരിടത്ത് വരേണ്ടതുണ്ടെന്നു പറഞ്ഞിട്ടുമില്ല.
ഓല വെച്ച് കെട്ടിയ പത്തായപ്പുര, മുത്തങ്ങ പ്പുല്ല് കാടു പിടിച്ചു കിടക്കുന്ന മുറ്റം; പഴകി, വീഴാറായ, കഴുക്കോല് വാരിയെല്ലുകള്‍ പുറത്ത് കാണിച്ചു നില്ക്കുന്ന പ്രാകൃതമായ തൊഴുത്ത് . കുമ്മായ മടര്ന്നു കുഴികള്‍ നിറഞ്ഞ ചവിട്ടു പടികള്‍ പഴയ കാവി ക്കോനായയിലേക്ക് പടര്‍ന്നു കിടക്കുന്നു, നടവഴിയില്‍ നൂറ്റാണ്ടുകള്‍ പഴക്കമുണ്ടെന്ന് തോന്നിപ്പിക്കുന്ന രണ്ടു മര മുല്ലകള്‍. അകത്തുനിന്നു അവിടുത്തെ വല്യമ്മ തന്റെ ഉയര്‍ന്നും താഴ്ന്നും ഉള്ള ശബ്ദത്തില്‍ പതം പറഞ്ഞു കരയുന്നു.അവരുടെ മകന് അകാലത്തില്‍ മരിച്ച്ചുപോയിട്ടുണ്ട്. അധിക കാലം ആയിട്ടില്ല. പഴയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമ യില്‍ കാണുന്നത് പോലെ ട്രൌസര്‍ മാത്രം ധരിച്ച ഒരു ചെക്കന് എന്ത് ചെയ്യണം എന്നറിയാതെ വിരുന്നു വന്ന എല്ലാവരുടെയും മുഖത്ത് മാറി മാറി നോക്കുന്നു. അടുക്കളയില്‍ നിന്നും മധ്യ വയസ്സ് കഴിഞ്ഞ ഒരു സ്ത്രീ കോനായ യിലേക്ക് എത്തി നോക്കി അകത്തേക്ക്, ആരോടും യാതൊരു പരിചയ ഭാവവും കാണിക്കാതെ യാണ് അവര്‍ പെരുമാറി ക്കൊണ്ടിരുന്നത്. നരച്ച ചാര നിറമുള്ള ഒരു പൂച്ച തന്റെ എന്തോ ഒരു വസ്തു തിരയുന്നത് പോലെ ഉച്ചത്തില്‍ മ്യാവൂ കരഞ്ഞു കൊണ്ട് ആ വീട് മുഴുവന്‍ തിരഞ്ഞു നടക്കുന്നുണ്ടായിരുന്നു. കാലം നിലച്ചു പോയതുപോലെ, കനച്ച മണമുള്ള ആ ചുറ്റുപാടില്‍ കൃത്യമായി ട്ടുള്ളത് ചായം പൂശാന്‍ വല്ലാതെ വൈകിപ്പോയ അകം ചുമരില്‍ തൂങ്ങി ക്കിടക്കുന്ന പഴയ ക്ലോക്കിലെ സമയം മാത്രം !
പുറത്തിറങ്ങി വണ്ടിയില്‍ കയറിയിട്ടും കുറച്ചു സമയം ആരും ഒന്നും മിണ്ടിയില്ല. പിന്നെ പതുക്കെ പ്രമോ ദേട്ടന്‍ പറഞ്ഞു തുടങ്ങി ;പണ്ട് സ്കൂള്‍ പൂട്ടിയാല്‍ വല്യമ്മ യുടെ വീട്ടില്‍ താമസിക്കാന്‍ വരുന്നതിനെ പ്പറ്റി ; തിരിച്ചു പോകുമ്പോള്‍ അവര്‍ വാങ്ങി കൊടുക്കുന്ന കുപ്പയത്തെപ്പറ്റി ...
2 comments:
കാലം നിലച്ചുപോയ കുറെ ജീവിതങ്ങളുടെ ജീവനുള്ള ഒരു ചിത്രം.
കുറച്ചേ എഴുതിയുള്ളുവെങ്കിലും മനസ്സിൽ വല്ലാതെ തട്ടി പ്രസാദ്...
Post a Comment